
അയോധ്യ : അയോധ്യയില്‍ രാമലല്ല വിഗ്രഹത്തിന്റെ ‘പ്രാണപ്രതിഷ്ഠ’യോടെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.
ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. 84 സെക്കന്‍ഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂര്‍ത്തം. വിഷ്ണുവിന്റെ പൂജയ്ക്ക് പ്രധാനമാണ് ഈ ദിനം എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാമലല്ലയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്ററുകൾ പുഷ്പങ്ങൾ വർഷിച്ചു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവന്തും, യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ദേശീയ അവാർഡ് ജേതാവായ ഗായകൻ സോനു നിഗം ‘രാം സിയ രാം’ ഭജൻ അവതരിപ്പിച്ചു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രത്യേക പ്രസാദം ക്ഷണിതാക്കൾക്ക് കൈമാറി.