
ദില്ലി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് ഗംഭീര വിജയം. 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 10 ഇടത്താണ് ഇന്ത്യ സഖ്യ പാർട്ടികൾ ജയിച്ചുകയറിയത്. ബി ജെ പി രണ്ട് സീറ്റിൽ ഒതുങ്ങിയപ്പോൾ ഒരു സ്വതന്ത്ര സ്ഥാനാർഥിയും വെന്നിക്കൊടി പാറിച്ചു. ഹിമാചൽ പ്രദേശിൽ രണ്ട് സീറ്റുകളിൽ വിജയിച്ചതോടെ സർക്കാറിനുള്ള ഭീഷണി മറികടക്കാൻ കോൺഗ്രസിനായി.
കോൺഗ്രസ് 4 സീറ്റിലും തൃണമൂൽ കോൺഗ്രസ് 4 സീറ്റിലും എ എ പി യും ഡി എം കെയും ഓരോ സീറ്റിലുമാണ് വിജയിച്ചത്. പശ്ചിമബംഗാളിൽ ഉപതെരഞ്ഞടുപ്പ് നടന്ന നാലിടത്തും തൃണമൂൽ കോൺഗ്രസ് വമ്പൻ വിജയമാണ് നേടിയത്. മണിക്തല മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച ദേശീയ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേ അറുപത്തിരണ്ടായിരത്തിലധികം വോട്ടിനാണ് തോറ്റത്. മൂന്ന് മണ്ഡലത്തിലെ ബി ജെ പി എം എൽ എമാർ രാജിവച്ച് ടി എം സിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.കോൺഗ്രസ് എം എൽ എമാർ ബി ജെ പിയിൽ ചേർന്നതിനെ തുടർന്ന് മൂന്ന് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ രണ്ടിടത്ത് കോൺഗ്രസ് വിജയിച്ചതോടെ ഭരണത്തിലെ വെല്ലുവിളിയും അകന്നു. ദെഹ്ര മണ്ഡലത്തിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ഒൻപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഉത്തരാഖണ്ഡിൽ രണ്ട് മണ്ഡലത്തിലും കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് എം എൽ എ രാജിവച്ച് ബി ജെ പിയിൽ ചേർന്നതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ബദരിനാഥ് മണ്ഡലത്തിലെ കോൺഗ്രസിന്റെ വിജയം ശ്രദ്ധേയമായി. എം എൽ എ ബി ജെ പിയിലേക്ക് പോയ പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ എ പി സ്ഥാനാർത്ഥി മോഹീന്ദർ ഭഗത് വിജയിച്ചത്. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തിൽ അറുപത്തേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡി എം കെ സ്ഥാനാർത്ഥി അണ്ണിയൂർ ശിവയുടെ വിജയം. ജെ ഡി യു എം എൽ എ, ആർ ജെ ഡിയിൽ ചേർന്നതിനെ തുടർന്ന് ഉപ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലെ രുപൗലിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ശങ്കർ സിംഗ് വിജയിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാറിനും തിരിച്ചടിയായി. ഹിമാചലിലും മധ്യപ്രദേശിലും ഓരോ സീറ്റിൽ വിജയിക്കാനായതാണ് ബി ജെപിക്ക് ആകെയുള്ള ആശ്വാസം.