
രാജ്യം ഉറ്റുനോക്കിയ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച് ഉത്തർ പ്രദേശ്. യോഗി ആദിത്യ നാഥ് എന്ന ബുൾഡോസർ മുഖ്യമന്ത്രി ഭരിക്കുന്ന , അയോധ്യ രാമക്ഷേത്രമുള്ള ഉത്തർപ്രദേശിൽ 80ൽ 80 സീറ്റും എൻഡിഎ സഖ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളെ ലോക്‌സഭയിലേക്ക് അയയ്ക്കുന്ന സംസ്ഥാനമായ യുപിയില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രചാരണങ്ങളെ കാറ്റില്‍പ്പറത്തി ജനം ‘ഇന്ത്യ’ മുന്നണിക്കൊപ്പം.
സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും നയിക്കുന്ന ഇന്ത്യ സഖ്യം മോദിയുടെയും ബിജെപിയുടെയും സകല പ്രതീക്ഷകളെയും തകര്‍ത്തു. 80ൽ 42 സ്ഥലത്ത് ഇന്ത്യ സഖ്യം മുന്നേറുന്നു. 62 സീറ്റുകളിലാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കുന്നത്. കോണ്‍ഗ്രസ് 17 സീറ്റുകളിലും തൃണമൂല്‍ ഒരു സീറ്റിലും മത്സരിക്കുന്നു. ബിജെപി മുന്നേറുന്നത് വെറും 36 സീറ്റുകളിൽ മാത്രം.
സംസ്ഥാനം ബിജെപി തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ആ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തുന്ന ഫലസൂചനകളാണ് യുപിയില്‍ നിന്നു ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി എന്നിവരും മത്സരിക്കുന്ന സംസ്ഥാനത്ത് അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപി നേരിട്ടത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ മോദി പോലും പിന്നിട്ടു നിന്നത് ബിജെപി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പിസിസി അധ്യക്ഷനായ അജയ് റായ് മോദിക്കെതിരേ ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച് ‘അട്ടിമറി പ്രകടനം’ കാഴ്ചവച്ച് സ്മൃതി ഇറാനിക്ക് അമേഠിയില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 19177 വോട്ടുകള്‍ക്കാണ് സ്മൃതി പിന്നിൽ നില്‍ക്കുന്നത്. അമേഠി രാഹുലിന്റെ കുടുംബ സ്വത്തല്ലെന്നു പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ സ്മൃതിക്ക് രാഹുലിന്റെയും ഗാന്ധി കുടുംബത്തിന്റെയും വിശ്വസ്തനായ കിഷോരി ലാലാണ് ഞെട്ടിക്കുന്നത്.
അതേസമയം അമേഠി വിട്ട് റായ്ബറേലിയില്‍ മത്സരിച്ച രാഹുലിന് വമ്പന്‍ ഭൂരിപക്ഷമാണ് ജനം നല്‍കുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലി ഇപ്പോള്‍ സോണിയയുടെ മകനെയും നെഞ്ചേറ്റുകയാണ് എന്നുവേണം ആദ്യ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ മനസിലാക്കാന്‍.
2019-ല്‍ 64 സീറ്റുകളാണ് എന്‍ഡിഎ സഖ്യം സ്വന്തമാക്കിയത്. അതില്‍ 62 സീറ്റുകളും ബിജെപിയാണ് സ്വന്തമാക്കിയത്. ആ സീറ്റുനില വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ മോദിക്കും കൂട്ടര്‍ക്കും ഇക്കുറി കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു.
ഇന്ത്യയ്ക്കു വേണ്ടി അഖിലേഷ് യാദവ് മുന്നില്‍ നിന്നു പടനയിച്ചപ്പോള്‍ പകുതിയോളം സീറ്റുകളാണ് ബിജെപിക്ക് യുപിയില്‍ നഷ്ടമാകുന്നതെന്നാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. കഴിഞ്ഞ തവണ വെറും അഞ്ച് സീറ്റുകളില്‍ ഒതുങ്ങിയ എസ്പി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
INDIA alliances leading on 42 out of 80 Lok Sabha seats in UP