
കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗോൾഡിയാണ് ഗായകനും പഞ്ചാബിലെ കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയുടെ കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 2022 മേയ് 29 നായിരുന്നു മൂസേവാല കൊല്ലപ്പെട്ടത്.
ഒരു പാക്കിസ്ഥാൻ ഏജൻസിയുടെ സഹായത്തോടെ പഞ്ചാബിലെ സമാധാന അന്തരീക്ഷം തകർക്കാൻ ഗോൾഡി ബ്രാർ ശ്രമിക്കുകയാണ് എന്നാണ് ഇന്ത്യ ഉന്നയിക്കുന്ന പ്രധാന ആരോപണം. നിരവധി കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുക, ഉന്നതരായ വ്യക്തികളെ ഫോണിൽ വിളിച്ചു ഭീഷണി മുഴക്കുക തുടങ്ങിയ പ്രവൃത്തികളാണ് ഇയാൾ ചെയ്യുന്നത്.
സതീന്ദർജിത് സിങ് ബ്രാർ എന്ന ഗോൾഡി ബ്രാർ തീവ്രവാദ ഗ്രൂപ്പായ ബബ്ബർ ഖൽസയുമായി ബന്ധമുള്ളയാളാണെന്നും ഒന്നിലധികം കൊലപാതകങ്ങളിലും ആയുധ കടത്തലിലും മത മൌലികവാദം വളർത്തിയെടുക്കുന്നതിലും പങ്കാളിയാണെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
2017 ലാണ് ബ്രാർ സ്റ്റുഡൻ്റ് വീസയിൽ പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തിയത്. അവിടെ എത്തിയ ശേഷം അയാൾ ലോറൻസ് ബിഷ്ണോയുടെ ഗ്യാങ്ങിലെ അംഗമായി. കൊലപാതകം , കൊലപാതക ശ്രമം, കൊള്ള അടക്കം 50 കേസുകളിലെ പ്രതിയാണ് ബ്രാർ. കാനഡയിലെ ബ്രാംപ്ടണിലാണ് ഇപ്പോൾ താമസിക്കുന്നത്.