ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് ഒന്നിന്

ന്യൂജേഴ്‌സി: 21 വർഷത്തെ മികച്ച പാരമ്പര്യവുമായി മാധ്യമരംഗത്ത് മുന്നേറുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ന് വൈകുന്നേരം 4.30 ന് ന്യൂജഴ്സിയിലെ ഫോർഡ്‌സിലുള്ള റോയൽ ആൽബർട്സ് പാലസിൽ നടക്കും. കേരളത്തിൽ നിന്നെത്തുന്ന അങ്കമാലി എം എൽ എ റോജി എം ജോൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. ന്യൂയോർക്ക് കോൺസൽ ജനറൽ ബിനയ ശ്രീകാന്ത് പ്രധാ ഗസ്റ്റ് ഓഫ് ഹോണറും ഹൂസ്റ്റണിൽ നിന്നുള്ള ജഡ്ജ് ജൂലി മാത്യു അതിഥിയുമായിരിക്കും. ഫ്ലോറിഡയിൽ നടന്ന പത്താം രാജ്യാന്തര കോൺഫറൻസിൽ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി പ്രസിഡന്റ് സുനിൽ തൈമറ്റം ദീപനാളം ഇപ്പോഴത്തെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറിനു കൈമാറിയിരുന്നു. ഔദ്യോഗികമായി പ്രവർത്തനോദ്‌ഘാടനം നടക്കുന്ന ചടങ്ങാണ് മാർച്ച് ഒന്നിന് നടക്കുന്നത്.

പ്രസ് ക്ലബിന്റെ ന്യൂയോർക്ക് ചാപ്റ്റർ ആതിഥ്യമരുളുന്ന സമ്മേളനം പ്രൗഢോജ്വലമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിൽ സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറർ ബിനു തോമസ് എന്നിവർ അറിയിച്ചു. വൈസ് പ്രസിഡന്റ് മൊയ്‌തീൻ പുത്തൻചിറ, ജോയിന്റ് സെക്രട്ടറി മാനുവൽ ജേക്കബ് കൂടാതെ എല്ലാ ന്യൂ യോർക്ക് ചാപ്റ്റർ അംഗങ്ങളും ചടങ്ങിന്റെ നടത്തിപ്പിനായി കൂടെയുണ്ട്. ഉദ്‌ഘാടന സമ്മേളനത്തിൽ ഐ പി സി എൻ എ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, മറ്റ് അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ ഭാരവാഹികൾ, എന്നിവർ പങ്കെടുക്കും. സമ്മേളനത്തിലേക്ക് ഏവരെയും ട്രഷറർ വിശാഖ് ചെറിയാൻ സ്വാഗതം ചെയ്തു.

കോൺഗ്രസിൽ നിന്നുള്ള യുവ എം.എൽ.എ ആയ റോജി ജോൺ, 2016 ലാണ് അങ്കമാലിയിൽ നിന്ന് കേരള നിയമസഭയിലെത്തുന്നത്. 2021 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഐ പി സി എൻ എ പ്രവർത്തനങ്ങളിൽ എക്കാലവും ഭാഗമായിട്ടുണ്ട്

.ഇന്ത്യൻ ഫോറിൻ സർവീസിലെ 2002 ബാച്ചിലെ അംഗമാണ് ന്യൂയോർക്കിൽ പുതുതായി ചാർജെടുത്ത ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ. ഇംഗ്ലീഷ്, റഷ്യൻ, ഹിന്ദി, ഒഡിയ ഭാഷകൾ സംസാരിക്കുന്നു. മോസ്കോയിൽ ഇന്ത്യൻ എംബസിയിൽ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ, ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയുടെ (ഇഎസി) സ്ഥിരം പ്രതിനിധി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ ഇന്ത്യ-ടാൻസാനിയ ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ ആയി ഉയർത്തപ്പെടുകയും ചെയ്തു. കോൺസൽ ജനറൽ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ സമൂഹം ഉറ്റുനോക്കുന്നു.

ജഡ്ജി ജൂലി എ. മാത്യു ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ -3 യിൽ പ്രിസൈഡിങ് ജഡ്ജിയായി രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത് . ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന അവർ കൗണ്ടിയിലെ ജുവനൈൽ ഇൻ്റർവെൻഷൻ ആൻഡ് മെൻ്റൽ ഹെൽത്ത് സ്പെഷ്യാലിറ്റി കോടതി സ്ഥാപിക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നു. ഫോർട്ട് ബെൻഡ് കൗണ്ടിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരിയും യുഎസിലെ ജുഡീഷ്യൽ ബെഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വനിതയുമാണ്.

More Stories from this section

family-dental
witywide