
ന്യൂഡല്‍ഹി: മണിപ്പൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന അമേരിക്കയുടെ റിപ്പോര്‍ട്ടിനെ തള്ളി ഇന്ത്യ. ഇക്കാര്യത്തിൽ യുഎസ് റിപ്പോർട്ട് മുന്‍വിധിയോടെയുള്ളതാണെന്നും മണിപ്പൂരില്‍ മനുഷ്യവകാശ ലംഘനം നടന്നിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയുടെ റിപ്പോർട്ട് ഇന്ത്യ തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂര്‍ കലാപത്തില്‍ 175 പേര്‍ കൊല്ലപ്പെടുകയും അര ലക്ഷത്തിലേറെ പേര്‍ നാടുവിടുകയും ചെയ്തെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്നും അക്രമം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഇന്ത്യൻ സുപ്രീം കോടതിയുടെ നിരീക്ഷണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തി.
അക്രമത്തില്‍ തകര്‍ക്കപ്പെട്ട വീടുകളും ആരാധനാലയങ്ങളും പുനര്‍ നിര്‍മിച്ചു നല്‍കാന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. കലാപ ബാധിത പ്രദേശങ്ങളിൽ ആവശ്യമായ സഹായമെത്തിക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. രാജ്യത്ത് മതന്യൂന പക്ഷങ്ങള്‍, പൗരസംഘടനകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ക്കുനേരെ സുരക്ഷാ ഭീഷണി ഉയര്‍ത്തല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ വ്യാപകമാണെന്ന് ചില പൗരസംഘടനകളുടെ പരാമര്‍ശമുണ്ടെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശവിഷയങ്ങളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. മാധ്യമങ്ങള്‍, പൗരസംഘടനകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
India set aside US Report on Manipur riot















