
ചെന്നൈ: പാകിസ്ഥാനെതിരെ നേടിയ തകർപ്പൻ ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ വീര്യവുമായെത്തിയ ബംഗ്ലാ കടുവകളെ ചെന്നൈയിൽ കൂട്ടിലാക്കി ഇന്ത്യ. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 515 റണ്‍സിന്‍രെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്‌സില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. ബാറ്റുകൊണ്ടും പന്തു കൊണ്ടും തിളങ്ങിയ അശ്വിനാണ് ഇന്ത്യന്‍ വിജയശില്‍പ്പി.
82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാ നിരയില്‍ പൊരുതിയത്. ഷാദ്മാന്‍ ഇസ്ലാം 35 റണ്‍സും സാകിര്‍ ഹസന്‍ 33 റണ്‍സുമെടുത്തു. ഷാകിബ് അല്‍ ഹസന്‍ 25 റണ്‍സുമെടുത്ത് പുറത്തായി. 13 റണ്‍സ് വീതമെടുത്ത മോമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ റഹിം എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബംഗ്ലാദേശ് ബാറ്റര്‍മാര്‍.
ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നേടി. സ്പിന്നര്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും വീഴ്ത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് ജസ്പ്രീത് ബുമ്രയും കരസ്ഥമാക്കി. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. കൂടാതെ ബാറ്റിങ്ങില്‍ സെഞ്ച്വറി നേടിയ അശ്വിനാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്. അശ്വിനാണ് കളിയിലെ താരം.
ഇന്ത്യക്കായി കളിച്ചവരിൽ പ്ലെയർ ഓഫ് ദി മാച്ചും, പ്ലെയർ ഓഫ് ദി സീരീസും ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ താരമെന്ന റെക്കോർഡും ഇതോടെ അശ്വിന് സ്വന്തമായി. 20 തവണയാണ് അശ്വിൻ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. 10 പ്ലെയർ ഓഫ് ദി സീരീസും 10 പ്ലെയർ ഓഫ് ദി മാച്ചുമാണ് അദ്ദേഹത്തിന്‍റെ പേരിലുണ്ട്. രണ്ടും കൂടി കൂട്ടി 19 അവാർഡുകളുള്ള സാക്ഷാൽ സചിൻ ടെണ്ടുൽക്കറെ മറികടന്നാണ് അശ്വിൻ മൂന്നിലെത്തിയത്. 15 എണ്ണവുമായി രാഹുൽ ദ്രാവിഡാണ് മൂന്നാം സ്ഥാനത്തുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നറായാണ് അശ്വിൻ മാറിയത്.