സഞ്ജുവിന്റെ ‘പവർഫുൾ’ സെഞ്ചുറി, ഒപ്പം സൂര്യയുടെ മിന്നലടിയും! വീരവാദം മുഴക്കിയ ബംഗ്ലാ കടുവകൾ കണ്ടം വഴി ഓടി, ഇന്ത്യക്ക് റെക്കോർഡ് വിജയം, പരമ്പര

ബംഗ്ലാദേശിനെതരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ (3-0). പരമ്പരയിലെ അവസാന മത്സരത്തില്‍ 133 റണ്‍സിന്റെ റെക്കോർഡ് ജയമാണ് ആതിഥേയർ നേടിയത്. ഇന്ത്യ ഉയർത്തിയ 298 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 164 റണ്‍സാണ് നേടാനായത്. തൗഹിദ് ഹ്രിദോയിയാണ് (63) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. സെഞ്ചുറി നേടിയ സഞ്ജു സാംസണാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ സെഞ്ചുറി കരുത്തിലാണ് 297 എന്ന സ്കോറിലേക്ക് എത്തിയത്. ട്വന്റി 20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 47 പന്തില്‍ നിന്ന് 111 റണ്‍സാണ് സഞ്ജു നേടിയത്. 35 പന്തില്‍ 75 റണ്‍സെടുത്ത നായകൻ സൂര്യകുമാർ യാദവ് സഞ്ജുവിന് മികച്ച പിന്തുണയും നല്‍കിയതോടെ ഇന്ത്യ റെക്കോർഡ് സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

298 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. ആദ്യ പന്തില്‍ തന്നെ പർവേസ് ഹൊസൈനെ നഷ്ടമായി. മായങ്ക് യാദവിന്റെ പന്തില്‍ റിയാൻ പരാഗിന് ക്യാച്ച് നല്‍കിയാണ് പർവേസ് പുറത്തായത്. പവർപ്ലേയ്ക്കുള്ളില്‍ തന്നെ ടൻസിദ് ഹസനേയും (15) നായകൻ നജ്‌മുള്‍ ഷാന്റോയേയും (14) ബംഗ്ലാദേശിന് നഷ്ടമായി.

തന്റെ അവസാന ട്വന്റി 20ക്കിറങ്ങിയ മുഹമ്മദുള്ളയ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നു. അർദ്ധ സെഞ്ചുറി നേടിയ ഹ്രിദോയി മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് ബംഗ്ലാദേശിനായി കാഴ്ചവെച്ചത്. 42 പന്തില്‍ 63 റണ്‍സെടുത്ത് ഹ്രിദോയി പുറത്താകാതെ നിന്നു. അഞ്ച് ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്.ഇന്ത്യയ്ക്കായി രവി ബിഷ്ണോയി മൂന്നും മായങ്ക് യാദവ് രണ്ടും വിക്കറ്റെടുത്തു. നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

More Stories from this section

family-dental
witywide