
ഹരാരെ: ടി 20 ലോകകപ്പ് ജേതാക്കളെന്ന പകിട്ടുമായി കളത്തിലിറങ്ങിയ ടീം ഇന്ത്യക്ക് സിംബാബൻ മണ്ണിൽ തോൽവി. സിനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ശുഭ്മാൻ ഗില്ലിന്‍റെ നേതൃത്വത്തിലിറങ്ങിയ ‘ന്യൂ ഇന്ത്യ’ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ടി 20യില്‍ ഈ വര്‍ഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണ് ഇതെന്ന നാണക്കേട് കൂടിയാണ് നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ ഗില്ലും സംഘവും സമ്പാദിച്ചത്. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സിന് മുന്നിൽ ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 102 റണ്‍സിൽ അവസാനിച്ചു.
ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി 31 റണ്‍സെടുത്തപ്പോള്‍ വിജയപ്രതീക്ഷ നൽകി ബാറ്റുവീശിയ വാഷിങ്‌ടണ്‍ സുന്ദര്‍ 29 റണ്‍സ് നേടി. ടീമിലെ മറ്റാര്‍ക്കും മികവ് പുറത്തെടുക്കാനായില്ല. സിംബാബ്‌വെക്ക് വേണ്ടി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ചതാരയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യക്കെതിരെയുള്ള ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്‌വെ 1-0-ന് മുന്നിലാണ്. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇതേ ഗ്രൗണ്ടില്‍ നടക്കും. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 115-9, ഇന്ത്യ 19.5 ഓവറില്‍ 102-ന് ഓള്‍ ഔട്ട്.