ദീപാവലി മധുരം നിങ്ങള്‍ക്കും !മധുരപലഹാരങ്ങള്‍ കൈമാറി ഇന്ത്യ-ചൈന സൈനികര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദീപാവലിയാഘോഷം നടക്കുന്നതിന്റെ ഭാഗമായി ഇന്ന് യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) ഒന്നിലധികം അതിര്‍ത്തി പോയിന്റുകളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മധുരപലഹാരങ്ങള്‍ കൈമാറി. അഞ്ച് ബോര്‍ഡര്‍ പേഴ്‌സണല്‍ മീറ്റിംഗ് (ബിപിഎം) പോയിന്റുകളില്‍ വച്ചാണ് പരമ്പരാഗതമായ രീതിയിലുള്ള മധുരവിതരണം നടന്നത്.

കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ഡെപ്‌സാംഗ് സമതലങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികരുടെ പിന്‍മാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയതിന് തൊട്ട് പിന്നാലെയാണ് മധുരവിതരണം നടന്നത്. ഹോട്ട് സ്പ്രിംഗ്‌സ്, കെകെ പാസ്, ദൗലത് ബേഗ് ഓള്‍ഡി, കോങ്ക്‌ല, ചുഷുല്‍ മോള്‍ഡോ എന്നീ യഥാര്‍ത്ഥ നിയന്ത്രണ രേഖകളില്‍ ഇന്ന് രാവിലെ തന്നെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള മധുര വിതരണം നടന്നു.

നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് 2020 ല്‍ ഇന്ത്യാ – ചൈന സംഘര്‍ഷം ആരംഭിച്ചത് മുതല്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങള്‍ പരിഹരിക്കുന്നതിനായി നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് സുപ്രധാനമായ ഇപ്പോഴത്തെ സേനാ പിന്മാറ്റം.

അതേസമയം, സൈന്യം അതിര്‍ത്തികളില്‍ നിന്ന് പിന്മാറിയെങ്കിലും പരിശോധനകള്‍ കര്‍ശനമായി നടത്തുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മില്‍ ഒരു പ്രധാന കരാറിന് അന്തിമരൂപം നല്‍കിയതിന് പിന്നാലെ ഒക്ടോബര്‍ 2 ന് കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ഡെപ്‌സാങ് എന്നീ രണ്ട് സംഘര്‍ഷ സമതലങ്ങളില്‍ നിന്നും ഇരു രാജ്യങ്ങളുടെയും സൈനികര്‍ പിന്മാറ്റം ആരംഭിച്ചു. ഒക്ടോബര്‍ 23 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നുള്ള പിന്‍മാറ്റ, പട്രോളിംഗ് കരാര്‍ അംഗീകരിക്കുകയായിരുന്നു

2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളും സൈനിക വിന്യാസം ശക്തമാക്കിയത്.

More Stories from this section

family-dental
witywide