
ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാരോട് യുകെയില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് ലണ്ടനിലെ ഇന്ത്യന്‍ എംബസി. മൂന്ന് പെണ്‍കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുകെയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണിത്. അക്രമാസക്തരായ പ്രതിഷേധക്കാര്‍ കുടിയേറ്റക്കാരെ, പ്രത്യേകിച്ച് മുസ്ലീംങ്ങളെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും എംബസി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ യാത്രക്കാര്‍ പ്രാദേശിക വാര്‍ത്തകള്‍ അറിഞ്ഞിരിക്കണമെന്നും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച സൗത്ത്പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊന്ന സംഭവം കുടിയേറ്റ വിരുദ്ധരും മുസ്ലീം വിരുദ്ധ സംഘങ്ങളും ചൂഷണം ചെയ്തുവെന്നും തെറ്റായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും സംഘര്‍ഷത്തിന് ആക്കം കൂട്ടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികളെ ആക്രമിച്ച് കൊലപ്പെടുത്തിയ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുസ്ലീം കുടിയേറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം വിരുദ്ധ സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു. എന്നാള്‍ പ്രതിക്ക് തീവ്രവാദ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, മുസ്ലീം സമുദായങ്ങളെ ലക്ഷ്യമിടുന്നവര്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.