മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളിക്കളയാൻ അമേരിക്കൻ സർക്കാരിനോട് ഇന്ത്യൻ പ്രവാസികൾ

വാഷിംഗ്ടൺ: മതസ്വാതന്ത്ര്യ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യയെ വിമർശിച്ച യുഎസ്‌സിഐആർഎഫിൻ്റെ സമീപകാല വാർഷിക റിപ്പോർട്ട് തള്ളിക്കളയാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിനോട് അഭ്യർത്ഥിച്ച് ഇന്ത്യൻ പ്രവാസികളുടെ സംഘം. പ്രധാനപ്പെട്ട വസ്തുതകൾ ഒഴിവാക്കിയും ഭാഗികമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘം പറഞ്ഞു.

വാർഷിക റിപ്പോർട്ടിൽ, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ നില കൂടുതൽ വഷളായതായി ആരോപിച്ച്, ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) നിയോഗിക്കണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷൻ (യുഎസ്‌സിഐആർഎഫ്) ശുപാർശ ചെയ്തു.

കോൺഗ്രസ് നിയമിച്ച ബോഡിയുടെ റിപ്പോർട്ടിനെതിരെ ഇന്ത്യ വ്യാഴാഴ്ച ആഞ്ഞടിച്ചു. രാജ്യത്തിനെതിരായ പ്രൊപ്പഗണ്ടയാണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ഇന്ത്യ ആരോപിച്ചു.

“അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ രാഷ്ട്രീയ അജണ്ടയുള്ള ഒരു പക്ഷപാതപരമായ സംഘടനയായിട്ടാണ് അറിയപ്പെടുന്നത്. വാർഷിക റിപ്പോർട്ടിൻ്റെ ഭാഗമായി അവർ ഇന്ത്യക്കെതിരെ പ്രചരണം തുടരുകയാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ന്യൂഡൽഹിയിൽ പറഞ്ഞു.