
പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവെലിൽ 3 പതിറ്റാണ്ടിന് ശേഷം ഇന്ത്യയുടെ പുഞ്ചിരി. ഗോൾഡൻ പാമിന് (പാം ദോർ) മത്സരിച്ച ഇന്ത്യൻ ചിത്രം ഓൾ വെ ഇമാജിന് ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിച്ചു. ഇന്ത്യക്കാകെ അഭിമാനമായ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ അഭിനയിച്ച കനി കുസൃതിയും ദിവ്യപ്രഭയും കാനിൽ മലയാളിത്തിളക്കം കൂടിയാണ് സമ്മാനിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് പായൽ കപാഡിയയാണ്. മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത് 22 ചിത്രങ്ങളായിരുന്നു. ഇവിടെയാണ് ഓൾ ലൈറ്റ് വി ഇമാജിൻ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയത്.
മുപ്പതു വർഷങ്ങൾക്കു ശേഷമായിരുന്നു ഒരു ഇന്ത്യൻ ഫിലിം കാൻ ഫിലിം ഫെസ്റ്റിവെലിൽ പാം ദോറിനായി മത്സരിച്ചത്. ആദ്യമായി ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടി എന്ന ഖ്യാതിയോടെയെത്തിയ ചിത്രം ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയത് ഇന്ത്യക്കാകെ അഭിമാനമായി.
പായൽ കപാഡിയയുടെ ആദ്യ ഫിക്ഷൻ ഫീച്ചർ, ഇന്നത്തെ മുംബൈയിലെ രണ്ട് വ്യത്യസ്ത നഴ്‌സുമാരുടെ ജീവിതവുമായി ബന്ധപ്പെട്ട മനോഹരമായ പ്രണയകഥയാണ് പറഞ്ഞത്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരായ പ്രഭയും അനുവുവുമായാണ് കനി കുസൃതിയും ദിവ്യപ്രഭയും വേഷമിട്ടത്. ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും മനോഹരമാക്കി. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രണബീർ ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് : ക്ലെമന്റ് പിന്റക്സ്, സംഗീതം : തോപ്ഷേ, പി ആർ ഓ : പ്രതീഷ് ശേഖർ.
Indian film All We Imagine As Light wins Grand Prix award at Cannes 2024