
ന്യൂഡല്‍ഹി: ഇന്ത്യയിൽ വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും ഇനിമുതൽ ഒരേ ചാര്‍ജര്‍ വേണമെന്ന നിയമം അടുത്തവർഷം മുതല്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഡിവൈസ് നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് പുറത്തുവരുന്ന വാർത്തകഘ. യൂറോപ്യന്‍ യൂണിയന്റെ മാതൃകയില്‍ എല്ലാ ഉപകരണങ്ങള്‍ക്കും ടൈപ്പ് സി ചാര്‍ജര്‍ നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2026ഓടെ ലാപ്‌ടോപ്പ് നിര്‍മാതാക്കള്‍ക്കും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണിത്. അതേസമയം, സ്മാര്‍ട് വാച്ചുകള്‍, ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദേശം ബാധകമാവില്ല.
ഇലക്ട്രിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ചാർജർ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി 2022 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിദഗ്ദ സംഘത്തെ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു സമിതിയെ നിയോഗിച്ചത്. വാണിജ്യ കൂട്ടായ്മകളായ എഫ്.ഐ.സി.സി.ഐ, സിഐഐ, അസോച്ചം എന്നിവയ്ക്കൊപ്പം വിവിധ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ഇലക്ട്രോണിക് ഉപകരണ മാലിന്യം സൃഷ്ടിക്കപ്പെടുന്നത് കുറയ്ക്കുന്നതിന് പുതിയ നിയമം സഹായകരമാവും എന്നാണ് അവകാശപ്പെടുന്നത്. പുതിയ നയം നിലവില്‍ വരുന്നതോടെ ഉപഭോക്താവ് തന്റെ സ്മാര്‍ട്‌ഫോണിനും, ലാപ്‌ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങള്‍ക്കുമായി ഒരു ചാര്‍ജര്‍ മാത്രം കയ്യില്‍ കരുതിയാല്‍ മതിയാവും. യൂറോപ്യന്‍ യൂണിയനിലെ ഈ നിയമത്തെ തുടര്‍ന്നാണ് ആപ്പിള്‍ ഐഫോണുകളില്‍ ലൈറ്റ്‌നിങ് കേബിള്‍ പോര്‍ട്ട് ഒഴിവാക്കി പകരം ടൈപ്പ് സി പോര്‍ട്ട് സ്ഥാപിക്കേണ്ടി വന്നത്.













