‘വീട്ടിലേക്ക് മടങ്ങും പോലെ’ വീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്; തയ്യാറെടുക്കുന്നത് മൂന്നാം ദൗത്യത്തിന്‌

ന്യൂഡൽഹി: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റൻ സുനിത വില്യംസ് ഒരിക്കൽ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു., ഇത്തവണ പുതിയ ബഹിരാകാശ വാഹനമായ ബോയിംഗ് സ്റ്റാർലൈനറിലായിരിക്കും സുനിതയുടെ യാത്ര. 2024 മെയ് 7 ന് ഇന്ത്യൻ സമയം രാവിലെ 8.04 ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ലിഫ്റ്റ്ഓഫ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

താൻ അൽപ്പം പരിഭ്രാന്തയാണെന്നും എന്നാൽ പുതിയ ബഹിരാകാശ പേടകത്തിൽ പറക്കുന്നതിനെക്കുറിച്ച് യാതൊരു അസ്വസ്ഥതയുമില്ലെന്നും സുനിത വില്യംസ് പറയുന്നു. “ഞാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുമ്പോൾ, അത് വീട്ടിലേക്ക് മടങ്ങുന്നതുപോലെയാകും,” ലോഞ്ച് പാഡിൽ പരിശീലനത്തിനിടെ സുനിത വില്യംസ് പറഞ്ഞു.

സുനിത വില്യംസും നാസയുടെ സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വില്‍മോറും ബഹിരാകാശ പേടകത്തില്‍ ഉണ്ടാകും. വിക്ഷേപണം, ഡോക്കിങ്, ഭൂമിയിലേക്ക് മടങ്ങല്‍ എന്നിവയുള്‍പ്പെടെ സ്റ്റാര്‍ലൈനര്‍ സിസ്റ്റത്തിന്റെ എന്‍ഡ്-ടു-എന്‍ഡ് കഴിവുകള്‍ പരീക്ഷിച്ചുകൊണ്ട് അവര്‍ ഒരാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനില്‍ തങ്ങും.

58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു. 2007 ജൂൺ 22 വരെ അവർ അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012-ൽ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽപ്പോയ അവർ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. സുനിതയാണ് നിലവിൽ ഏറ്റവും കൂടുതൽസമയം ബഹിരാകാശത്തുനടന്ന വനിത.