‘നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാവർക്കും സൗജന്യ വീസ’; വാഗ്ദാനവുമായ് യുഎസ് സ്റ്റാർട്ടപ്പ് സിഇഒ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വർണ്ണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ നൽകുമെന്ന്, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ വീസ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം അറ്റ്‌ലിസിൻ്റെ സ്ഥാപകനും സിഇഒയുമായ മോഹക് നഹ്ത. ഇന്ത്യൻ വംശജനായ മോഹക് നഹ്ത ലിങ്ക്ഡനിൽ പങ്കുവെച്ച നിരവധി പേരാണ് ഏറ്റെടുത്തത്. സൗജന്യ വിസ സംബന്ധിച്ച പ്രക്രിയയുടെ വിശദാംശങ്ങളും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

മൊഹക് നഹ്ത ലിങ്ക്ഡ്ഇനിൽ പങ്കുവച്ച പോസ്റ്റ് നിമിഷങ്ങൾക്കകം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒളിംപിക്സിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാ ഉപയോക്താക്കൾക്കും ഒരു ദിവസത്തേക്ക് സൗജന്യമായ് വീസ നൽകുമെന്നായിരുന്നു നഹ്ത അറിയിച്ചത്.

“നീരജ് ചോപ്ര ഒളിമ്പിക്‌സിൽ സ്വർണം നേടിയാൽ എല്ലാവർക്കും ഞാൻ വ്യക്തിപരമായി സൗജന്യ വിസ അയച്ചുകൊടുക്കും” എന്നതായിരുന്നു നഹ്ത ആദ്യം പങ്കുവെച്ച പോസ്റ്റ്. നിരവധി അന്വേഷണങ്ങൾ വന്നതോടെ വിശദീകരണവുമായി നഹ്ത അടുത്ത പോസ്റ്റ് പങ്കുവെച്ചു. വീസയ്ക്ക് യാതൊരു ചാർജും ഈടാക്കില്ല. ഉപയോക്താക്കൾക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏത് രാജ്യവും തിരഞ്ഞെടുക്കാം എന്നും പോസ്റ്റിൽ പറയുന്നു.

“ജൂലൈ 30ന് നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്തു. നിരവധിപേർ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതിനാൽ ഇതിന്റെ പ്രക്രിയ വിവരിക്കാം: നീരജ് ചോപ്ര ഓഗസ്റ്റ് 8-ന് മെഡലുകൾക്കായി മത്സരിക്കും. നീരജ് സ്വർണ്ണം നേടുകയാണെങ്കിൽ, എല്ലാ ഉപയോക്താക്കൾക്കും ഒരു ദിവസം മുഴുവൻ ഒരു സൗജന്യ വിസ ഞങ്ങൾ നൽകും. ഞങ്ങൾ നിങ്ങളിൽ നിന്ന് എന്തെങ്കിലും ഈടാക്കുമോ? നിങ്ങളുടെ വിസയ്ക്ക് നിങ്ങൾക്ക് ഒരു രൂപ പോലും ചെലവാകില്ല – അത് പൂർണ്ണമായും ഞങ്ങൾ എടുക്കും. ഏതൊക്കെ രാജ്യങ്ങളാണ് ഈ ഓഫറിന് കീഴിൽ വരുന്നത്? എല്ലാ രാജ്യങ്ങളും. എവിടേക്കാണ് യാത്ര ചെയ്യേണ്ടത് എന്ന് നിങ്ങൾ തിരഞ്ഞെടുക്കുക. ഈ ഓഫർ ലഭിക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ചുവടെയുള്ള അഭിപ്രായങ്ങളിൽ നിങ്ങളുടെ ഇമെയിൽ ഇടുക, ഞങ്ങൾ നിങ്ങൾക്കായി സൗജന്യ വിസ ക്രെഡിറ്റോട് കൂടിയ ഒരു അക്കൗണ്ട് സൃഷ്ടിക്കും” നഹ്ത പറഞ്ഞു.

പാരീസ് ഒളിമ്പിക്‌സിൽ, ഇന്നത്തെ യോഗ്യതാ റൗണ്ടിൽ നീരജ് ചോപ്രയും കിഷോർ ജെനയും ആണ് കളത്തിലറങ്ങുക. ഇതിൽ നീരജ് ചോപ്ര വിജയിച്ചാൽ ഓഗസ്റ്റ് 8 ന് ആയിരിക്കും മെഡലിനായുള്ള മത്സരം. ഒളിമ്പിക്സിലും ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിലും ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ആദ്യമായി സ്വർണമെഡൽ നേടിക്കൊടുത്തത് ഈ ഹരിയാനക്കാരനാണ്.

More Stories from this section

family-dental
witywide