
നോർത്ത് കാരോലിന: നോർത്ത് കാരോലിനയിലെ കൺവീനിയൻസ് സ്റ്റോറിലെ മോഷണ ശ്രമത്തിനിടെ സ്റ്റോർ ഉടമയും ഇന്ത്യൻ വംശജനുമായ മൈനാങ്ക് പട്ടേലിനെ (36) കൗമാരക്കാരൻ വെടിവച്ച് കൊലപ്പെടുത്തി. 2580 എയർപോർട്ട് റോഡിലെ ടുബാക്കോ ഹൗസിന്‍റെ ഉടമയായ മൈനാങ്ക് പട്ടേലിന് നേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ റോവൻ കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു.
ടുബാക്കോ ഹൗസ് സ്റ്റോറിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയതെന്ന് ഷെരീഫ് ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ക്യാപ്റ്റൻ മാർക്ക് മക്ഡാനിയൽ പറഞ്ഞു. വെടിയേറ്റ് ഗുരുതരവസ്ഥയിലായിരുന്ന മൈനാങ്ക് പട്ടേലിനെ ആദ്യം നൊവാന്‍റ് ഹെൽത്ത് റോവൻ മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയി. പിന്നീട് ഷാർലറ്റിലെ പ്രെസ്‌ബിറ്റീരിയൻ ആശുപത്രിയിലേക്ക് മാറ്റി. പ്രെസ്‌ബിറ്റീരിയൻ ആശുപത്രിയിൽ ചികിത്സയിൽ തുടുരുന്നതിനിടെയാണ് പട്ടേൽ മരണത്തിന് കീഴടങ്ങിയതെന്ന് ക്യാപ്റ്റൻ മാർക്ക് മക്ഡാനിയൽ കൂട്ടിച്ചേർത്തു.
കറുത്ത ഷോർട്ട്‌സും കറുത്ത ഹൂഡിയും കറുത്ത സ്കീ മാസ്‌കും ബർഗണ്ടി ലോഗോകളുള്ള വെളുത്ത നൈക്ക് ടെന്നീസ് ഷൂസും ധരിച്ച ഉയരമുള്ള, മെലിഞ്ഞ വെളുത്ത പുരുഷൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതായി സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇയാൾ ഒരു കറുത്ത കൈത്തോക്ക് കൈവശം വച്ചിരിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിൽ മറ്റാർക്കും പരുക്കില്ല.