യുഎസിൽ നേപ്പാളി യുവതിയെ കൊലപ്പെടുത്തിയത് ഇന്ത്യൻ വംശജൻ; കൊലനടന്നത് ഫ്ലാറ്റിലെ മോഷണത്തിനിടെ

നേപ്പാളിൽ നിന്നുള്ള 21 കാരിയായ വിദ്യാർത്ഥിനിയെ കവർച്ചയ്ക്കിടെ യുഎസിലെ അപ്പാർട്ട്മെൻ്റിൽ ഇന്ത്യൻ വംശജനായ ഒരാൾ വെടിവച്ചു കൊന്നതായി പോലീസ് ശനിയാഴ്ച അറിയിച്ചു. 52 കാരനായ ബോബി സിൻ ഷായെ പൊലീസ് അറസ്റ്റ് ചെയ്തു.

കമ്മ്യൂണിറ്റി കോളജ് വിദ്യാർത്ഥിനിയായ മുന്ന പാണ്ഡെയെ തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ ഹൂസ്റ്റണിലെ അപ്പാർട്ട്മെൻ്റിൽ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്പാർട്ട്‌മെൻ്റിനുള്ളിൽ ഒരു മൃതദേഹം ഉണ്ടെന്ന് പറഞ്ഞ് ആരോ ഫോണിൽ വിളിച്ചെന്ന് മുന്നാ പാണ്ഡെയുടെ അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്ക് യുവതി മരിച്ചതായി സ്ഥിരീകരിച്ചു.

രാത്രി 8.30-ഓടെയാണ് ഷാ മുന പാണ്ഡെയുടെ അപ്പാർട്മെന്റിലെത്തിയത്. വാതിൽ തുറക്കാൻ ഇയാൾ ആവശ്യപ്പെടുന്നതും നിങ്ങൾ എന്തുചെയ്യാൻ പോകുന്നുവെന്ന് യുവതി തിരിച്ചു ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ശേഷം ഇയാൾ യുവതിയുടെ പേഴ്സുമായി അപാർട്മെന്റിൽനിന്ന് ഇറങ്ങിപ്പോകുന്നതും കാണാം. തലയിൽ ഒരുതവണയും ശരീരത്തിൽ പലവട്ടവും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഇരുവരും തമ്മിൽ മുൻപരിചയമുണ്ടോ എന്നതിൽ വ്യക്തതയില്ല. അതേസമയം, ഷു​ഗർ ഡാഡി എന്ന ഡേറ്റിങ് വെബ്സൈറ്റ് വഴിയാണ് ഇയാൾ യുവതിയെ ലക്ഷ്യമിട്ടത് എന്നാണ് പോലീസ് സംശയിക്കുന്നത്. 12 വർഷം മുമ്പ് ഷായെ ഇതേ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീ, അപാർട്ട്മെന്റിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിലുള്ളത് ഇയാൾ തന്നെയാണെന്നു തിരിച്ചറിയുകയായിരുന്നു.

GoFundMe പേജിലെ വിവരങ്ങൾ അനുസരിച്ച്, 2021-ൽ നേപ്പാളിൽ നിന്ന് ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജിൽ പഠിക്കാൻ എത്തിയതാണ് മുന്ന പാണ്ഡെ. അപ്പാർട്ട്മെൻ്റിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് മുന്ന പാണ്ഡെയുടെ അമ്മ ദിവസങ്ങളോളം മകളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി ഹൂസ്റ്റണിലെ നേപ്പാളീസ് അസോസിയേഷൻ അംഗം പറഞ്ഞായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

മുന്ന പാണ്ഡെയുടെ അമ്മയ്ക്ക് ഹൂസ്റ്റണിലേക്ക് എത്താനുള്ള യാത്രാ ക്രമീകരണങ്ങൾ ചെയ്യാൻ സഹായിക്കുന്നതിന് അസോസിയേഷൻ നേപ്പാൾ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

Also Read

More Stories from this section

family-dental
witywide