
ലണ്ടൻ: മുസ്‍ലിം വിദ്യാർഥികൾക്ക് പ്രാർഥന വിലക്കിയ സ്കൂളിന്റെ നടപടി ശരിവെച്ച് ബ്രിട്ടനിലെ ഹൈക്കോടതി. പ്രാർഥന വിലക്കിനെതിരെ ഏതാനും മുസ്‍ലിം വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. കോടതി വിധി ഇന്ത്യൻ വംശജയായ സ്കൂൾ പ്രിൻസിപ്പൽ കാതറീൻ ബീർബൽസിങ് സ്വാഗതം ചെയ്തു. ബ്രിട്ടനിലെ ഏറ്റവും കർക്കശക്കാരിയായ ഹെഡ്മിസ്ട്രസ് എന്നാണ് ഇവർ അറിയപ്പെടുന്നത്.
വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ സ്ഥിതി ചെയ്യുന്ന മൈക്കിള സ്‌കൂൾ ഒരു ‘സെക്കുലർ’ സെക്കൻഡറി സ്‌കൂളാണെന്ന് ബീർബൽസിങ് കോടതിയെ അറിയിച്ചു. സ്‌കൂളിൻ്റെ നയം മതപരമായ പ്രാർത്ഥനകൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം നിലനിർത്താൻ അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.
സ്കൂളിലെ പകുതിയിലേറെയും മുസ്‍ലിം വിദ്യാർഥികളാണ്. സിഖ്, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും നിരവധി വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
“ഭരണസമിതിക്ക് അറിയാവുന്നതുപോലെ, വിവിധ കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രാർത്ഥനാമുറി നൽകുന്നില്ല. സ്‌കൂളിൻ്റെ ധാർമ്മികതയ്‌ക്ക് വിരുദ്ധമായി ഒരു പ്രാർത്ഥനാമുറി വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത വളർത്തും,” ബീർബൽസിങ് കോടതിയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഉച്ചഭക്ഷണത്തിനു ശേഷം മുസ്‍ലിം വിദ്യാർഥികൾ പ്രാർഥിക്കാൻ പോയാൽ പഠന പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കേണ്ട അവരുടെ സമയം നഷ്ടമാക്കുമെന്നും ഹെഡ്മിസ്ട്രസ് കോടതിയിൽ സൂചിപ്പിച്ചു. പിന്നീട് സ്കൂളിന് അനുകൂലമായാണ് ജസ്റ്റിസ് തോമസ് ലിൻഡൻ വിധി പുറപ്പെടുവിച്ചത്. 2014ലാണ് കാതറീൻ ബീർബൽസിങ് സ്കൂൾ സ്ഥാപിച്ചത്.















