
ന്യൂഡല്‍ഹി: യുഎസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, ഈ വര്‍ഷത്തെ അഞ്ചാമത്തെ സംഭവമാണിത്. ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ സമീര്‍ കാമത്തിനെ തിങ്കളാഴ്ച വൈകുന്നേരം പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വാറന്‍ കൗണ്ടി കൊറോണര്‍ ഓഫീസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
2023 ഓഗസ്റ്റില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ 23കാരന്‍ യുഎസ് പൗരത്വവും നേടിയിരുന്നു. 2025-ല്‍ ഡോക്ടറല്‍ പ്രോഗ്രാം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കവെയായിരുന്നു സമീറിന്റെ മരണവാര്‍ത്ത എത്തുന്നത്.
ഫോറന്‍സിക് പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തുമെന്നും റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.
പര്‍ഡ്യൂ സര്‍വകലാശാലയില്‍ പഠിക്കുന്ന മറ്റൊരു ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി ദിവസങ്ങൾക്കുള്ളിലാണ് പുതിയ സംഭവം. ക്യാംപസിലെ ലാബിനോട് ചേർന്ന് പൊതു സ്ഥലത്താണ് നീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. കാമ്പസില്‍ ഇറക്കിയ യൂബര്‍ ഡ്രൈവറാണ് നീലിനെ അവസാനമായി കണ്ടത്. അമ്മ ഗൗരിയും മകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയവഴി സഹായം തേടിയിരുന്നു.
മറ്റൊരു സംഭവത്തില്‍ കഴിഞ്ഞയാഴ്ച ഒഹായോയില്‍ 19 കാരനായ ശ്രേയസ് റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ എന്തെങ്കിലും ദുരുപയോഗമോ വിദ്വേഷ കുറ്റകൃത്യമോ ഉണ്ടാകാനുള്ള സാധ്യത അധികാരികള്‍ തള്ളിക്കളഞ്ഞു.
ജോര്‍ജിയയിലെ ലിത്തോണിയയില്‍ എംബിഎ പഠിക്കുന്ന വിവേക് സൈനി ജനുവരി 16 ന് ഭവനരഹിതനായ ഒരാളുടെ ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. അക്രമി വിദ്യാര്‍ത്ഥിയെ 50 തവണ അടിച്ചതാണ് സൈനിയുടെ മരണത്തിലേക്ക് നയിച്ചത്.
300,000-ത്തിലധികം വരുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വലിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന വെല്ലുവിളികളിലേക്ക് ഈ സംഭവങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. മാനസിക പിരിമുറുക്കം, ഏകാന്തത, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ ഇത്തരം കേസുകള്‍ക്ക് കാരണമാകുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിന് ബോധവല്‍ക്കരണവും പിന്തുണാ സംവിധാനങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് വിദഗ്ധര്‍ ഇപ്പോള്‍ ഊന്നിപ്പറയുന്നത്.