‘മാപ്പ് പറയേണ്ടത് എന്റെ മകനോട്’; നിറവയറുമായി അഴിക്കുള്ളിൽ കഴിയേണ്ടി വന്ന ഇന്ത്യൻ യുവതി പറയുന്നു; യുകെയിലെ പോസ്റ്റൽ കേസിൽ പുതിയ വഴിത്തിരിവ്

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധങ്ങളിലൊന്ന് എന്ന് പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ച പോസ്റ്റ് ഓഫീസ് അഴിമതിയുടെ ഇരകളിലൊരാളായിരുന്നു ഇന്ത്യൻ വംശജ സീമ മിശ്ര. കേസന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ, ആരോപണം ഉന്നയിച്ചവരുടെ മാപ്പപേക്ഷ തള്ളിക്കളയുകയാണ് അന്നു കുറ്റം ചുമത്തപ്പെട്ട് ജയിലടയ്ക്കപ്പെട്ട സീമ മിശ്ര.

മാപ്പപേക്ഷിക്കേണ്ടതു തന്നോടല്ലെന്നും ജയിലിൽ അടയ്ക്കുമ്പോൾ തന്റെ വയറ്റിൽ രണ്ടു മാസം പ്രായമുണ്ടായിരുന്ന ഇളയ മകനോടാണെന്നും സീമ കൂട്ടിച്ചേർത്തു. 2021 ൽ സീമ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ യുകെ കോടതി ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു. പന്ത്രണ്ടു വർഷത്തിനു ശേഷം, കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്കു കടക്കുമ്പോൾ, ഋഷി സുനക് സർക്കാരിനു കൂടി കയ്യടിക്കുകയാണു യുകെയിലെ ഇന്ത്യൻ സമൂഹം. കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്ന് സുനക് ഈ വർഷമാദ്യം പ്രഖ്യാപിച്ചിരുന്നു.

വടക്കൻ ഇംഗ്ലണ്ടിന്റെ ഭാഗമായ സറിയിലെ വെസ്റ്റ് ബൈഫ്ളീറ്റിലെ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായിരുന്നു സീമ മിശ്ര. 1999 ൽ യുകെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനായി ജപ്പാനിലെ ഫുജിട്സു കമ്പനി നിർമിച്ച ഹൊറൈസൻ എന്ന അക്കൗണ്ടിങ് സോഫ്റ്റ്‌വെയറായിരുന്നു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. പലപ്പോഴും, നൽകുന്ന കണക്കിനേക്കാൾ വലിയ തുകയാണ് സോഫ്റ്റ്‌വെയറിൽ കാണിക്കപ്പെട്ടത്. ഇതോടെ സോഫ്റ്റ്‌വെയർ ഉപയോ​ഗിച്ചിരുന്ന സീമ മിശ്രയെ പോലുള്ള നൂറുകണക്കിനു പോസ്റ്റൽ ജീവനക്കാർക്കു നേരെ ഡിപ്പാർട്ട്മെന്റിൽ നിന്ന് അഴിമതി ആരോപണങ്ങൾ ഉയർന്നു. സോഫ്റ്റ്‌‍വെയറിനു പിഴവില്ലെന്നും ജീവനക്കാരാണ് പണം നഷ്ടമായതിന് ഉത്തരവാദികളെന്നുമായിരുന്നു പോസ്റ്റൽ വകുപ്പിന്റെ വാദം. മാനേജരായിരുന്ന സീമക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നു.

കേസ് കോടതിയിലെത്തിയപ്പോഴും തന്റെ നിരപരാധിത്വം തെളിയിക്കാൻ സീമയ്ക്ക് കഴിഞ്ഞില്ല. ജോലി ചെയ്തിരുന്ന പോസ്റ്റ് ഓഫീസിലെ പണം കവർന്ന കുറ്റത്തിന് സീമ മിശ്രയ്ക്ക് കോടതി 15 മാസം തടവ് ശിക്ഷയും നാൽപതിനായിരം പൗണ്ട് പിഴയും വിധിച്ചു. 2009ൽ മൂത്ത മകന്റെ പത്താം പിറന്നാൾ ദിനത്തിൽ സീമയെ പോലീസ് അറസ്റ്റ് ചെയ്ത് ബ്രോൺസ്ഫീൽഡിലെ ജയിലിലടയ്ക്കുമ്പോൾ എട്ടാഴ്ച ഗർഭിണിയായിരുന്നു അവർ.

75,000 ബ്രിട്ടിഷ് പൗണ്ടിന്റെ (2009 ലെ വിനിമയനിരക്കനുസരിച്ച് ഏകദേശം 56 ലക്ഷം ഇന്ത്യൻ രൂപ) അഴിമതിയാരോപണമാണു സീമയ്ക്കു നേരിടേണ്ടി വന്നത്. നാലര മാസം ജയിലിൽ കിടന്നു. സീമയുൾപ്പടെ 900 ലേറെ പോസ്റ്റ് ഓഫിസ് ജീവനക്കാരാണ് അന്നു കേസിൽ അകപ്പെട്ടത്. ജയിൽ പുള്ളികളണിയുന്ന ഇലക്രോണിക് ടാഗുമണിഞ്ഞാണ് സീമ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിച്ച ശേഷം വീണ്ടും ജയിലിലേക്ക് മടങ്ങി. സീമ ജയിലിലാണെന്ന വിവരം ഭർത്താവ് ഡേവിൻഡർ ഇന്ത്യയിലുള്ള സീമയുടെ മാതാപിതാക്കളെ പോലും അറിയിച്ചിരുന്നില്ല.

എന്നാൽ തോറ്റു മടങ്ങാൻ തയ്യാറാകാതിരുന്ന സീമ, നിയമ യുദ്ധത്തിനിറങ്ങി. വൈകാതെ ഹൊറൈസൻ സോഫ്റ്റ്‌വെയറിന്റെ തകരാർ ആണ് പ്രശ്നങ്ങൾക്കു കാരണമെന്നു കണ്ടെത്തി. ഇതോടെയാണു സോഫ്റ്റ്‌വെയറിന്റെ നിർമാതാക്കളായ ഫുജിറ്റ്സുവിന്റെ എൻജിനീയർ ഗാരത് ജെൻകിൻസും അന്നത്തെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ എംഡിയായിരുന്ന ഡേവിഡ് സ്മിത്തും സീമയോടു മാപ്പപേക്ഷിച്ചത്. എന്നാൽ പന്ത്രണ്ടു വർഷത്തിനു ശേഷമുള്ള മാപ്പപേക്ഷ തള്ളിക്കളയുകയാണ് സീമ.

More Stories from this section

family-dental
witywide