
യുഎസിലെ ഇന്ത്യാനയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യാന, പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഡേറ്റാ സയൻസ് വിദ്യാർത്ഥി നീൽ ആചാര്യയെ മരിച്ചനിലയിൽ കണ്ടെത്തിയതായി സർവകലാശാല അധികൃതർ സ്ഥിരീകരിച്ചു. ജനുവരി 28 മുതൽ നീലിനെ കാണാനില്ലെന്ന് അറിയിച്ച് അമ്മ ഗൌരി ആചാര്യ എക്സിൽ പോസ്റ്റ് ഇട്ടിരുന്നു.
പർഡ്യൂ കാമ്പസിലെ ഒരു ലബോറട്ടറിക്ക് പുറത്ത് മരിച്ച നിലയിൽ നീലിനെ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ച് മേൽ നടപടികൾ സ്വീകരിച്ചു. യൂണിവേഴ്സിറ്റി അധികൃതർ അത് നീൽ തന്നെയെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹം കണ്ടെത്തിയ അതേ പ്രദേശത്തുനിന്നാണ് വിദ്യാർത്ഥി അവസാനമായി മെസേജ് അയച്ചത് എന്ന് ലൊക്കേഷൻ മനസ്സിലാക്കിയ സുഹൃത്തുകൾ പറയുന്നു. മരണകാരണം എന്താണ്, പിന്നിൽ എന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ പൊലീസ് അറിയിച്ചിട്ടില്ല.
യൂണിവേഴ്‌സിറ്റി പോസ്റ്റ് പ്രകാരം ജോൺ മാർട്ടിൻസൺ ഓണേഴ്‌സ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഡേറ്റാ സയൻസ് വിദ്യാർഥിയാണ്. അദ്ദേഹത്തിൻ്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ കാണുന്നത് മുമ്പ് പൂനെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നുവെന്നാണ്.
കഴിഞ്ഞ ദിവസം മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി വിവേക് സൈനി യുഎസിലെ ജോർജിയയിലെ ലിത്തോണിയയിൽ കൊല്ലപ്പെട്ടിരുന്നു. വിവേകിനെ ഒരാൾ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നത് വിവേക് ജോലി ചെയ്തിരുന്ന കടയുടെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
Indian student confirmed dead after he went missing in US university















