യുഎസില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു; മൂന്നാഴ്ചമുമ്പ് കാണാതായ ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഉന്നത പഠനത്തിനെത്തി കാണാതായ ഹൈദരാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്ലീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനായി 2023ല്‍ ഇന്ത്യയില്‍ നിന്നെത്തിയ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാഴ്ച മുമ്പാണ് ഈ വിദ്യാര്‍ത്ഥിയെ കാണാതായത്.

25 കാരനായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തിന്റെ കുടുംബവുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ടെത്താന്‍ പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍സുലേറ്റ് നേരത്തെ പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് എംബസി അറിയിച്ചു. അന്വേഷണത്തിനിടെ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തിനെ ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍നിന്നാണ് മരിച്ച നിലയില്‍ കണ്ടൈത്തിയത്.

മുഹമ്മദ് അര്‍ഫാത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച കോണ്‍സുലേറ്റ് മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രാദേശിക ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് നല്‍കുന്നുവെന്നും എക്‌സില്‍ കുറിച്ചു.

മാര്‍ച്ച് ഏഴിനാണ് കുടുംബവുമായി അര്‍ഫാത്ത് അവസാനമായി സംസാരിച്ചതെന്നും തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും അര്‍ഫാത്തിന്റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് 19 ന് സലീമിന് ഒരു അജ്ഞാത കോള്‍ ലഭിക്കുകയും മകനെ മോചിപ്പിക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം നല്‍കിയില്ലെങ്കില്‍ മകന്റെ വൃക്ക വില്‍ക്കുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അര്‍ഫാത്തിന്റെ മരണവാര്‍ത്ത എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒഹായോയില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഉമ സത്യസായി ഗദ്ദേയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണ കാരണം വ്യക്തമല്ല. ഈ വര്‍ഷം മാത്രം യുഎസില്‍ മരണപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 10 കവിഞ്ഞിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് യുഎസ്. യുഎസിന്റെ കണക്കനുസരിച്ച് 2022-2023 കാലയളവില്‍ മാത്രം 2.6 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലേക്ക് എത്തിയത്. എന്നാല്‍, തുടര്‍ച്ചയായുള്ള മരണങ്ങള്‍ യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇന്ത്യയിലെ അവരുടെ കുടുംബങ്ങളെയും ഞെട്ടിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്നുണ്ട്.

More Stories from this section

family-dental
witywide