
ജോർജിയ: അടുത്തിടെ യുഎസിൽ എംബിഎ ബിരുദം നേടിയ 25 കാരനായ ഇന്ത്യൻ വിദ്യാർത്ഥി ജോർജിയ സ്റ്റേറ്റിലെ ലിത്തോണിയ നഗരത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ടു. മയക്കുമരുന്നിന് അടിമയായി തെരുവിൽ കഴിഞ്ഞിരുന്ന യാചകന് വിദ്യാർഥിയായ വിവേക് സെയ്നി ഭക്ഷണവും താമസ സ്ഥലവും നൽകി. ഇയാൾ തന്നെയാണ് വിവേകിനെ ചുറ്റിക കൊണ്ട് 50 തവണ തലക്കടിച്ച് കൊലപ്പെടുത്തിയത്.
അക്രമി ജൂലിയൻ ഫോക്‌നർ വിവേക് സെയ്നിയുടെ തലയിൽ ചുറ്റിക കൊണ്ട് 50-ഓളം തവണ നിർദയമായി അടിക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഫോക്‌നറെ അഭയം പ്രാപിച്ച ഒരു കടയിലെ പാർട്ട് ടൈം ക്ലർക്കായ സെയ്നി, പ്രതിക്ക് കഴിഞ്ഞ രണ്ടുദിവസമായി ചിപ്‌സ്, കോക്ക്, വെള്ളം, തണുപ്പകറ്റാനുള്ള ജാക്കറ്റ് എന്നിവ നൽകിയിരുന്നുവെന്ന് M9 ന്യൂസ് ചാനൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
വിവേക് ജോലി ചെയ്തിരുന്ന ഫുഡ് മാർട്ടിലെ ജീവനക്കാരാണ് അക്രമിക്ക് ഭക്ഷണവും താമസ സൗകര്യവും നൽകിയിരുന്നത്. ‘‘അയാൾ ഞങ്ങളോട് ചിപ്സും കോക്കും ഉണ്ടോയെന്ന് ആരാഞ്ഞു. ഞങ്ങൾ അയാൾക്ക് വെള്ളമുൾപ്പടെ എല്ലാം നൽകി. പിന്നീട് അയാൾ പുതപ്പുണ്ടോ എന്ന് ചോദിച്ചു. എന്റെ കൈയിൽ പുതപ്പില്ലാത്തതിനാൽ ജാക്കറ്റ് ആണ് നൽകിയത്. പുറത്ത് തണുപ്പായതിനാൽ അയാൾ അകത്തേക്ക് കയറി. പുറത്തേക്കിറങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടുമില്ല.’’ വിവേക് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരൻ പറയുന്നു.
രണ്ടുദിവസത്തിനു ശേഷം പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ വിവേക് പൊലീസില്‍ പരാതി നല്‍കുമെന്നും കട വിട്ട് പോകണമെന്നും ആവശ്യപ്പെട്ടു. ഇതിലുണ്ടായ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അതിക്രൂരമായി ആക്രമിക്കപ്പെട്ട വിവേക് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.