
ന്യൂഡല്‍ഹി: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി നവജീത് സന്ധു എന്ന 22 കാരനായ എംടെക് വിദ്യാര്‍ത്ഥിയാണ് ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കിനിടെ കുത്തേറ്റ് മരിച്ചത്. സന്ധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ണാല്‍ സ്വദേശികളായ രണ്ട് ഇന്ത്യക്കാരായ സഹോദരങ്ങള്‍ക്കായി ഓസ്ട്രേലിയയിലെ പോലീസ് തിരച്ചില്‍ തുടരുകയാണ്.
വാടകയെച്ചൊല്ലിയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥി സന്ധുവിനെ കത്തികൊണ്ട് ആക്രമിച്ചതായാണ് വിവരം.
നവജീത് സന്ധു ഒന്നര വര്‍ഷം മുമ്പാണ് പഠന വിസയില്‍ ഓസ്ട്രേലിയയിലേക്ക് എത്തിയത്. കര്‍ഷകനായ പിതാവ് മകന്റെ വിദ്യാഭ്യാസത്തിനായി അവരുടെ ഒന്നര ഏക്കര്‍ ഭൂമി വിറ്റെന്നാണ് പണം കണ്ടെത്തിയതെന്നും സന്ധുവിന്റെ അമ്മാവന്‍ പറഞ്ഞു. അവധിക്ക് ജൂലൈയില്‍ കര്‍ണാലില്‍ എത്താനിരിക്കെയായിരുന്നു ദാരുണമായ സംഭവം.