
പലരും മികച്ച ജീവിതമെന്ന സ്വപ്‌നം കൈയില്‍ പിടിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. വിദ്യാർത്ഥികളായി പോകുന്ന പലരുടെയും സ്വപ്നം നല്ലൊരു ജോലി, മെച്ചപ്പെട്ട ജീവിതം എന്നിങ്ങനെയാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് മലയാളികൾ പോകുന്ന ഇടമാണ് ബ്രിട്ടൻ. ജീവിക്കുന്ന അന്തരീക്ഷം മെച്ചപ്പെടാൻ അവിടുത്തെ രാഷ്ട്രീയ അന്തരീക്ഷം കൂടി മെച്ചപ്പെടുകയും ജനാധിപത്യ പ്രക്രിയയിൽ ഓരോരുത്തരും ഭാഗമാകുകയും ചെയ്യണം. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റായ നിതിന്‍ രാജ്, ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള ഇലക്ഷന്‍ നടക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വോട്ട് രജിസ്‌ട്രേഷന്‍ കൃത്യമായി നടത്താന്‍ ശ്രമിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയാണ് നിതിൻ രാജ്. വിദ്യാര്‍ത്ഥി വോട്ടവകാശങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്രീയ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നിതിൻ ഉൾപ്പെടുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ ബ്രിട്ടനിൽ ആരംഭിച്ച “എന്റ് ഭാവി എന്റെ വര്‍ത്തമാനം” എന്ന ക്യാമ്പയിൻ ഊർജസ്വലമായി പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ബ്രിട്ടന്‍ ഇലക്ഷനില്‍ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ പരമാവധി വോട്ടിങ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് നിതിന്‍ അടങ്ങുന്ന സംഘം.
മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടെത്തുമ്പോൾ, രാഷ്ട്രീയപരമായും വിദ്യാര്‍ത്ഥികള്‍ ഉയരേണ്ടതുണ്ട്. അതിനായിട്ടാണ് തങ്ങളുടെ പോരാട്ടമെന്നു നിതിന്‍ പറയുന്നു. പല വിദ്യാര്‍ഥികള്‍ക്കും തങ്ങള്‍ക്ക് ഈ രാജ്യത്ത് ലഭിക്കുന്ന അവകാശങ്ങളെ കുറിച്ച് വ്യക്തതിയില്ലാതെയിരിക്കുകയാണെന്നും അവര്‍ക്ക് ബോധവത്കരണം നടത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്നും നിതിന്‍ രാജ് പറയുന്നു.
“രാഷ്ട്രീയകാര്യങ്ങളില്‍ മിക്ക വിദ്യാര്‍ഥികള്‍ക്കും താത്പര്യമില്ല. പലരും ജോലി, വിദ്യാഭ്യാസം എന്നിവയില്‍ മാത്രം ശ്രദ്ധയൂന്നാന്‍ ശ്രമിക്കുന്നവരാണ്. വോട്ടേര്‍സ് രജിസ്റ്ററില്‍ പേര് വന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ കൂടുന്നുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്. വിദ്യാര്‍ഥികളെ വോട്ട് ചെയ്യാന്‍ സന്നദ്ധരാക്കുകയും അതിലൂടെ കൂടുതല്‍ അവകാശങ്ങള്‍ സ്ഥിരപ്പെടുത്തുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം ”- നിതിൻ പറയുന്നു.
”യുകെയിലെ മുഴുവന്‍ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്‍സ് എന്ന സംഘടനയുടെ ക്യാമ്പയിനായിരുന്നു ‘എന്റെ വര്‍ത്തമാനം എന്റെ ഭാവി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ബിആര്‍പി കാര്‍ഡുണ്ടെങ്കില്‍ ഇവിടെ വോട്ട് ചെയ്യാന്‍പറ്റുമെന്ന് കാര്യം ഇവിടെയുള്ള പല കുട്ടികള്‍ക്കും അറിയില്ല. അവര്‍ക്ക് അതിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കി കൊടുക്കുകയും അവര്‍ക്ക് വേണ്ട അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യം.”