യൂണിവേഴ്‌സിറ്റി അഡ്മിഷൻ രേഖകളിൽ കൃത്രിമം കാണിച്ചു; ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസ് തിരിച്ചയയ്ക്കുന്നു

ന്യൂയോർക്ക്: അമേരിക്കൻ സർവ്വകലാശാലയിൽ പ്രവേശനം നേടുന്നതിനായി രേഖകളിൽ കൃത്രിമം കാണിച്ചതിന് അറസ്റ്റിലാകുകയും കുറ്റം ചുമത്തുകയും ചെയ്ത 19 കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കൻ അധികാരികളുമായി ഉണ്ടാക്കിയ ഹർജി പ്രകാരം ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.

2023-2024 അധ്യയന വർഷത്തേക്കുള്ള പെൻസിൽവാനിയയിലെ സ്വകാര്യ ഗവേഷണ സർവ്വകലാശാലയായ ലീഹൈ സർവകലാശാലയിൽ പ്രവേശനം നേടുന്നതിനായി ആര്യൻ ആനന്ദ് എന്ന ഇന്ത്യൻ വിദ്യാർത്ഥിയാണ് വ്യാജ രേഖകൾ സമർപ്പിച്ചത്.

ആര്യന ആനന്ദ് പ്രവേശന രേഖകളിലും സാമ്പത്തിക സഹായ രേഖകളിലും കൃത്രിമം കാണിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി ലീഹൈ സർവകലാശാലയിലെ വിദ്യാർത്ഥി പത്രമായ ‘ദ ബ്രൗൺ ആൻഡ് വൈറ്റ്’ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. പ്രവേശനവും സ്കോളർഷിപ്പും നേടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി അദ്ദേഹം അച്ഛൻ്റെ മരണം പോലും വ്യാജമായി ചിത്രീകരിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജൂൺ 12-ന് 25,000 യുഎസ് ഡോളറിൻ്റെ ജാമ്യവുമായി മജിസ്‌റ്റീരിയൽ ജില്ലാ ജഡ്ജി ജോർദാൻ നിസ്‌ലി ആനന്ദിനെ കോടതിയിൽ ഹാജരാക്കി. കേസിൽ ആനന്ദ് കുറ്റസമ്മതം നടത്തി. കുറ്റസമ്മതക്കരാർ പ്രകാരം നോർത്താംപ്റ്റൺ കൗണ്ടി പ്രിസണിലെ മൂന്നു മാസത്തെ തടവു ശിക്ഷ വിധിച്ചത് അനുഭവിച്ചതായി കണക്കാക്കും. 85,000 ഡോളർ നഷ്ടപരിഹാരത്തുക സർവകലാശാല വേണ്ടെന്നു വയ്ക്കും.

സ്വന്തം തട്ടിപ്പു വിശദീകരിച്ച് റെഡ്ഡിറ്റിൽ ആര്യൻ തന്നെ എഴുതിയ പോസ്റ്റിനെക്കുറിച്ചുള്ള അന്വേഷണമാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്. ‘നുണകൾക്കുമേൽ കെട്ടിപ്പൊക്കിയ എന്റെ ജീവിതവും കരിയറും’ എന്ന തലക്കെട്ടിലെ പോസ്റ്റിനു പിന്നിലെ യുസർനെയിം തപ്പിയെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആര്യൻ പിടിക്കപ്പെട്ടത്.

More Stories from this section

family-dental
witywide