
ന്യൂജേഴ്‌സിയിലെ കാർട്ടറെറ്റിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് പുറത്ത് 19 കാരനായ ഇന്ത്യൻ വംശജനായ യുവാവ് ഇന്ത്യക്കാരിയായ മറ്റൊരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തി. 29 കാരിയായ ജസ്വിർ കൗറിനെ കൊലപ്പെടുത്തിയ കേസിൽ വാഷിംഗ്ടണിലെ കെൻ്റ് സ്വദേശി ഗൗരവ് ഗില്ലിനെ(19) അറസ്റ്റ് ചെയ്തു. ജസ്വിറിനൊപ്പം ഗഗൻദീപ് കൌർ (20) എന്ന യുവതിയെയും വെടിയേറ്റ നിലയിൽ കണ്ടെത്തി.
ജസ്‌വിർ കൗർ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. ഗഗൻദീപ് കൗർ നെവാർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണ്. ബുധനാഴ്ച രാവിലെയാണ് വെടിവെപ്പ് നടന്നത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അക്രമിയെ പിടികൂടിയതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കുറ്റാരോപിതനായ ഗൗരവ് ഗില്ലും പരുക്കേറ്റ ഗഗൻദീപ് കൗറും പഞ്ചാബിലെ നകോദറിലെ ഒരു ഐഇഎൽടിഎസ് കോച്ചിംഗ് സെൻ്ററിൽ പരിചയപ്പെട്ടവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബിലെ നൂർമഹലിന് സമീപമുള്ള ഗോർസിയൻ സ്വദേശിയാണ് മരിച്ച ജസ്‌വിർ കൗർ. ബുധനാഴ്ച രാവിലെ വെടിവെപ്പ് നടക്കുമ്പോൾ കസിൻ ഗഗൻദീപ് ജസ്വീറിന്റെ വീട്ടിലായിരുന്നു.
പ്രതിയായ ഗൌരവ് ഗിൽ വീടിന് പുറത്ത് ഗഗൻദീപിനടുത്തെത്തുമ്പോൾ ജസ്വിർ ഉറങ്ങുകയായിരുന്നുവെന്ന് ജസ്‌വീറിൻ്റെ പിതാവ് കേവൽ സിംഗ് പറഞ്ഞു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. ജസ്‌വീർ ഇടപെട്ടപ്പോൾ പ്രതി നേരെ ഏഴ് തവണ വെടിയുതിർക്കുകയായിരുന്നു.
ഗഗൻദീപും പ്രതിയായ ഗില്ലും ഒരേ സമയത്താണ് അമേരിക്കയിലേക്ക് പോയത്.
ഗഗൻദീപിൻ്റെ അമ്മ സുർജിത് കൗർ തങ്ങൾക്ക് ഗില്ലിനെ പരിചയമില്ലെന്ന് വ്യക്തമാക്കി. കർഷക കുടുംബമാണ് ഗഗൻദീപിന്റെത്.
ജസ്വിർ വിവാഹിതയായിരുന്നു. കാർട്ടറെറ്റിലെ ഒരു ആമസോൺ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. ഇവരുടെ ഭർത്താവ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊലപാതക സമയത്ത് ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.