
ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ തങ്ങള്‍ റഷ്യയില്‍ പെട്ടുപോയെന്നും രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ച് എക്‌സിലൂടെ കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു.
റഷ്യയില്‍ പുതുവത്സരം ആഘോഷിക്കാന്‍ പോയ ഏഴംഗ സംഘത്തിന് വിസ ഉള്‍പ്പെടെ യാത്രാ രേഖകള്‍ എല്ലാം ഉണ്ടായിരുന്നു. 90 ദിവസത്തെ സാധുതയായിരുന്നു ഇതിന് ഉണ്ടായിരുന്നത്. എന്നാല്‍ റഷ്യയില്‍ എത്തിയ ഇവര്‍ പിന്നീട് അവിടെനിന്നും അയല്‍രാജ്യമായ ബെലാറസിലേക്ക് പോയി.
എന്നാല്‍ അവിടെ എത്തിയപ്പോഴാണ് ട്രാവല്‍ ഏജന്റ് കബളിപ്പിച്ചുവെന്നും ബെലാറസില്‍ എത്താന്‍ വിസ വേണമെന്നും അറിഞ്ഞത്. തുടര്‍ന്ന് ഏജന്റ് കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും ഉപേക്ഷിച്ചുപോയെന്നും യുവാക്കള്‍ പറയുന്നു.
ഒടുവില്‍ പോലീസ് തങ്ങളെ പിടികൂടി റഷ്യന്‍ അധികാരികള്‍ക്ക് കൈമാറിയെന്നും അവര്‍ തങ്ങളെ ചില രേഖകളില്‍ ഒപ്പിടീച്ചുവെന്നും ഹര്‍ഷ് എന്ന യുവാവ് വീഡിയോയില്‍ അവകാശപ്പെട്ടു. ഇപ്പോള്‍ റഷ്യ ഉക്രെയ്‌നിനെതിരായ യുദ്ധത്തിലേക്ക് തങ്ങളെയും എത്തിക്കുന്നുവെന്നും യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും വീഡിയോ ദൃശ്യങ്ങളില്‍ യുവാക്കള്‍ വ്യക്തമാക്കുന്നു.
എക്‌സില്‍ പ്രചരിപ്പിച്ച 105 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഏഴ് പുരുഷന്മാര്‍ സൈനിക ശൈലിയിലുള്ള ശൈത്യകാല ജാക്കറ്റുകള്‍ ധരിച്ച് തയ്യാറായി നില്‍ക്കുന്നത് കാണാം. അവരില്‍ ആറ് പേര്‍ ഒരു മൂലയില്‍ ഒതുങ്ങിനില്‍ക്കുമ്പോള്‍ ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള 19 കാരനായ ഹര്‍ഷാണ് അവരുടെ സാഹചര്യം വിശദീകരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സന്ദേശം റെക്കോര്‍ഡുചെയ്തത്.









