ജന്മദിനം മരണം കവർന്നു; കാനഡയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ബ്രാംപ്ടൻ: വ്യാഴാഴ്ച പുലർച്ചെ കാനഡയിലെ ബ്രാംപ്ടണിൽ ഉണ്ടായ കാർ അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്നേദിവസം 23-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന റീതിക് ഛബ്ര, സഹോദരൻ രോഹൻ ഛബ്ര (22), സുഹൃത്ത് ഗൗരവ് ഫാസ്‌ഗെ (24) എന്നിവരാണ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ.

പീൽ റീജനൽ പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. മൂവരും സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച വാഹനം സമീപത്തെ പെട്രോൾ പമ്പിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. വേഗതയാണ് അപകടത്തിനുള്ള പ്രധാന കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിന്‍റെ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. മത്സരയോട്ടമാണ് അപകടകാരണമെന്ന് സംശയിക്കുന്നുണ്ട്.

മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ പണം സ്വരൂപിക്കുന്നതിനായി അപകടത്തിൽ മരിച്ച സഹോദരങ്ങളുടെ ബന്ധുവായ ഹിമാൻഷു ചൗധരി ഗോഫണ്ട് മീയിൽ( GoFundMe) പേജ് ആരംഭിച്ചിട്ടുണ്ട്.