ഇന്ത്യക്കാരുടെ ദേഷ്യം ന്യായമാണ്, ബഹിഷ്കരണം അവസാനിപ്പിക്കണം; മാപ്പ് പറഞ്ഞ് മാലി മുൻ സ്പീക്കർ

ന്യൂഡൽഹി: മൂന്ന് മാലിദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, ഇന്ത്യയോട് മാപ്പ് പറഞ്ഞ് ദ്വീപ് രാഷ്ട്രത്തിന്റെ മുൻ ഡെപ്യൂട്ടി സ്പീക്കർ ഇവാ അബ്ദുള്ള. മുൻ മന്ത്രിമാരുടെ അഭിപ്രായങ്ങളെ “ലജ്ജാകരവും വംശീയവും” എന്നാണ് ഇവാ അബ്ദുള്ള വിശേഷിപ്പിച്ചത്. സംഭവത്തിൽ ഇന്ത്യയോട് മാപ്പ് പറയുകയും മാലിദ്വീപിനെതിരായ ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. എൻഡിടിവിയോടായിരുന്നു മുൻ സ്പീക്കറുടെ പ്രതികരണം

‘‘ഇന്ത്യക്കാർ ന്യായമായും ദേഷ്യത്തിലാണ്. പ്രസ്താവന അരോചകമായിരുന്നു. പ്രസ്താവന മാലദ്വീപിലെ ജനങ്ങളുടെ അഭിപ്രായമല്ല. അപമാനകരമായ പ്രസ്താവനയിൽ ഇന്ത്യയിലെ ജനങ്ങളോട് ഞാൻ വ്യക്തിപരമായി മാപ്പ് ചോദിക്കുകയാണ്.’’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്.

More Stories from this section

family-dental
witywide