
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സാഹചര്യം മനസിലാക്കി നടന്റെ ആലുവയിലെ വീട്ടുപടിക്കല്‍ത്തന്നെയുണ്ടായിരുന്നു പൊലീസ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് അറസ്റ്റ് എന്നതായിരുന്നു പൊലീസ് നീക്കത്തിനു പിന്നില്‍. രക്ഷപെടാന്‍ വഴിയൊരുക്കാതെ പൂട്ടാനും നീക്കം നടന്നിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ കാര്യം വന്നപ്പോള്‍ ഈ ജാഗ്രത പൊലീസ് കാണിച്ചില്ലെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്.
ഹൈക്കോടതിവിധി വന്നതിനുപിന്നാലെയാണ് സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും പൊലീസ് എത്തിയത്. എന്നാല്‍ രണ്ടിടങ്ങളിലും സിദ്ദിഖ് ഉണ്ടായിരുന്നില്ല. പിന്നീലെ സിദ്ദിഖിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി. ഫോണ്‍ ആക്ടീവായിരുന്ന അവസാന ലൊക്കേഷന്‍ പാലാരിവട്ടമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചുള്ള വിധി വന്നതിനുശേഷമാണ് സിദ്ദിഖ് ഒളിവില്‍ പോയതെന്നാണ് വിവരം. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നുവെന്നും സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്രയെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.