
കൊൽക്കത്ത: കൊൽക്കത്തയിലെ റൺവേയിൽ പ്രവേശിക്കാൻ അനുമതി കാത്തുനിന്ന എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിക്കുകയും ഏവിയേഷൻ റെഗുലേറ്റർ ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
“ഞങ്ങൾ വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ഇൻഡിഗോ എയർലൈൻസിൻ്റെ രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. അന്വേഷണത്തിനിടെ ഗ്രൗണ്ട് സ്റ്റാഫിനെയും ചോദ്യം ചെയ്യും. രണ്ട് വിമാനങ്ങളും വിശദമായ പരിശോധനയ്ക്കായി നിലത്തിറക്കിയിട്ടുണ്ട്,” ഒരു ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് ക്ഷമ ചോദിച്ചു. ചെന്നൈയിലേക്കുള്ള ഷെഡ്യൂൾഡ് ഓപറേഷനായി കൊൽക്കത്തയിലെ റൺവേയിലേക്ക് പ്രവേശിക്കാൻ ക്ലിയറൻസ് കാത്ത് നിൽക്കുമ്പോൾ മറ്റൊരു എയർലൈനിന്റെ വിമാന ചിറകിന്റെ അറ്റം തങ്ങളുടെ വിമാനത്തിന്റെ മുകളിൽ ഉരസുകയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിന് ശേഷം വിമാനം ബേയിലേക്ക് മടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡിഗോ വിമാനത്തിൽ നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ 135 യാത്രക്കാരുണ്ടായിരുന്നു.