കാണാതായ സ്ത്രീ പെരുമ്പാമ്പിന്റെ വയറ്റിൽ; കണ്ടെത്തിയത് 3 ദിവസത്തെ തിരച്ചിലിനൊടുവിൽ

മകാസർ: മധ്യ ഇന്തോനേഷ്യയിൽ കാണാതായ സ്ത്രീയെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ പെരുമ്പാമ്പിൻ്റെ വയറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥൻ അറിയിച്ചു.

ദക്ഷിണ സുലവേസി പ്രവിശ്യയിലെ കലംപാങ് ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ ഫരീദയുടെ ഭർത്താവാണ് വെള്ളിയാഴ്ച അഞ്ച് മീറ്റർ (16 അടി) വലിപ്പമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന് തന്റെ ഭാര്യയെ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയോടെയാണ് നാല് കുട്ടികളുടെ അമ്മയായ ഇവരെ കാണതായത്. തുടർന്ന് തെരച്ചില്‍ നടക്കുന്നതിനിടെയാണ് വലിയ വയറുമായി ഒരു പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിനെ പിടിക്കുടി വയറ് മുറിച്ച് പരിശോധിച്ചതോടെയാണ് ഫരീദയുടെ മൃതദേഹം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പാമ്പിന്റെ വയറ്റിനുള്ളിൽ നിന്നും പൂർണമായും വസ്ത്രം ധരിച്ച നിലയിലാണ് ഫരീദയെ കണ്ടെത്തിയത്.

അത്തരം സംഭവങ്ങൾ വളരെ അപൂർവമായി കണക്കാക്കപ്പെടുന്നുവെങ്കിലും ഇന്തോനേഷ്യയിൽ കഴിഞ്ഞ വർഷങ്ങളില്‍ സമാനമായി നിരവധി സംഭവങ്ങൾ നടന്നിട്ടുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം, തെക്കുകിഴക്കൻ സുലവേസിയിലെ ടിനാംഗേയ ജില്ലയിലെ കർഷകരിൽ ഒരാളെ പെരുമ്പാമ്പ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. 2018-ൽ തെക്കുകിഴക്കൻ സുലവേസിയിലെ മുന പട്ടണത്തിൽ 54 കാരിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide