
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലം ബിജെപിക്കായി കാത്തുവെച്ചത് ബിഗ് സര്‍പ്രൈസ്!. 10 ലക്ഷത്തിന്റെ ലീഡിലാണ് ബിജെപിയുടെ ഇന്‍ഡോര്‍ സ്ഥാനാര്‍ത്ഥി ശങ്കര്‍ ലാല്‍വാനി വിജയിച്ചത്. ബിജെപിക്കു മാത്രമല്ല, രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ലീഡാണ് ലാല്‍വാനിക്ക് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ ലാല്‍വാനിക്കൊപ്പം റെക്കോര്‍ഡ് സൃഷ്ടിച്ച് ‘നോട്ട’യും എത്തിയിരിക്കുകയാണ്. ഇന്‍ഡോര്‍ മണ്ഡലത്തില്‍ നോട്ടയ്ക്ക് ലഭിച്ചത് ഒരു ലക്ഷത്തോളം വോട്ടുകളാണ്. ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ഒരു ലക്ഷത്തോളം വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മണ്ഡലത്തിലെ വോട്ടമാര്‍ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. തുടര്‍ന്നാണ് നോട്ടയെപ്പോലും പിടിച്ചു കുലുക്കിയ ചരിത്രം പിറന്നത്.
ഇന്‍ഡോറില്‍ നിന്നുള്ള സിറ്റിംഗ് എംപിയായ ലാല്‍വാനി 12,26,751 വോട്ടുകള്‍ നേടുകയും തൊട്ടടുത്ത എതിരാളിയായ ‘നോട്ട’യെ 10,08,077 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സഞ്ജയ് 51,659 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തുമുണ്ട്. 1989 മുതല്‍ ഇന്‍ഡോര്‍ സീറ്റില്‍ ബിജെപി വിജയിച്ചുവരികയാണ്. ലാല്‍വാനിക്ക് മുമ്പ്, 2014 മുതല്‍ 2019 വരെ ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ച സുമിത്ര മഹാജന്‍, തുടര്‍ച്ചയായി എട്ട് തവണ ഇന്‍ഡോറില്‍ നിന്ന് വിജയിച്ചിരുന്നു.
1961 ഒക്ടോബര്‍ 16 ന് ഇന്‍ഡോറില്‍ ജനിച്ച ശങ്കര്‍ ലാല്‍വാനി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 5.47 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 1994 മുതല്‍ 1999 വരെ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 മുതല്‍ 2004 വരെ ലാല്‍വാനി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു.