കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പത്രിക പിന്‍വലിച്ച് ഇന്‍ഡോറിലെ സ്ഥാനാര്‍ഥി ബിജെപിയില്‍

ഭോപ്പാൽ: ഇൻഡോർ ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളോടൊപ്പമാണ് പത്രിക പിൻവലിക്കാൻ സ്ഥാനാർഥി എത്തിയത്. ബിജെപിക്കായി സിറ്റിങ് എംപി ശങ്കര്‍ ലാല്‍വനിയാണ് ഇന്‍ഡോറില്‍ മത്സരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ മെയ് 13-നാണ് ഇവിടെ വോട്ടടുപ്പ്.

ബിജെപി എംഎൽഎ രമേഷ് മെൻഡോളയ്‌ക്കൊപ്പമാണ് അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിക്കാനെത്തിയത്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നീക്കം. ‘പാർട്ടിയിലേക്ക് സ്വാഗത’മെന്ന് കുറിച്ച് മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ അക്ഷയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു.