
ലഖ്നൗ: രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ അയോധ്യയിലെത്തുന്നവരില്‍ നിന്ന് ഹോട്ടലുകള്‍ അമിത ബില്ല് ഈടാക്കുന്നതായി പരാതി. രണ്ടു ചായയ്ക്കും രണ്ടു ബ്രെഡ് ടോസ്റ്റിനും റെസ്റ്റോറന്റ് 252 രൂപ ഈടാക്കിയതിന്റെ ബില്ല് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനെതിരെ വൈന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. രാമ പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അയോധ്യയില്‍ അനുഭവപ്പെടുന്നത്. ഇത് മുതലാക്കിയാണ് ഹോട്ടലുകളും റെസ്റ്റോറന്റുകളും അമിത ബില്ല് ഈടാക്കുന്നത്.
രാമപ്രതിഷ്ഠ കഴിഞ്ഞതിനു പിന്നാലെ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ് അയോധ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ആളുകളുടെ തള്ളിക്കയറ്റമുണ്ടായതോടെ കച്ചവടത്തിന് സാധ്യത കൂടുതലാണെന്ന കണ്ടതോടെയാണ് എല്ലാ സാധനങ്ങള്‍ക്കും കഴുത്തറപ്പന്‍ വിലയീടാക്കുന്നത്. വ്യാപകമായ പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടു.
ബില്ലിനൊപ്പം നല്‍കുന്ന സര്‍വീസുകളുടെ പൂര്‍ണ വിവരം നല്‍കാന്‍ ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ അയോധ്യ ജില്ലാ കലക്ടര്‍ നിതീഷ് കുമാര്‍ യോഗം വിളിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ പങ്കെടുത്ത യോഗത്തില്‍ ഭക്തരില്‍ നിന്ന് അമിത ബില്ല് ഈടാക്കുന്നതായുള്ള പരാതി ചര്‍ച്ചയായി. തുടര്‍ന്നാണ് ബില്ലിനൊപ്പം നല്‍കുന്ന സര്‍വീസുകളുടെ പൂര്‍ണ വിവരം നല്‍കാന്‍ ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചത്.