
ചണ്ഡിഗഢ്: ഹരിയാന ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) തലവന്‍ നഫെ സിങ് റാത്തിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍.
ഡല്‍ഹിയിലെ നംഗ്ലോയ് സ്വദേശികളായ സൗരവ്, ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. കപില്‍ സാങ്വാന്‍ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇരുവരും വെടിവെപ്പ് നടത്തിയവരാണ്.
ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും ജജ്ജാര്‍ പൊലീസും ഹരിയാന സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഗോവയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
ഫെബ്രുവരി 24 ന് ഡല്‍ഹിക്കടുത്ത് ബഹദൂര്‍ഗഡില്‍ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത അജ്ഞാതരായ അക്രമികള്‍ റാത്തിയേയും ഐഎന്‍എല്‍ഡി പ്രവര്‍ത്തകനായ ജയ് കിഷനും വെടിവച്ചു കൊന്നിരുന്നു.
2023 ജനുവരിയില്‍ മുന്‍ മന്ത്രി മംഗേ റാം നമ്പര്‍ദാറിന്റെ മകനും ബി.ജെ.പി നേതാവുമായ ജഗദീഷ് നമ്പര്‍ദാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന പൊലീസ് റാത്തിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 306 ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
റാത്തിയെ കൊന്ന അക്രമികള്‍ വാഹനം ഓടിച്ചിരുന്ന റാത്തിയുടെ അനന്തരവനോട് തന്റെ ജീവന്‍ രക്ഷിക്കുകയാണെന്നും അതിനാല്‍ വിവരം കുടുംബത്തെ അറിയിക്കണമെന്നും പറഞ്ഞിരുന്നതായി ഹരിയാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. മുന്‍ എംഎല്‍എ നരേഷ് കൗശിക്, കരംബീര്‍ രത്തി, രമേഷ് രതി, സതീഷ് റാത്തി, ഗൗരവ് റാത്തി, രാഹുല്‍, കമല്‍ എന്നിവരെയാണ് കേസില്‍ പ്രതികളാക്കിയത്. പേരുവെളിപ്പെടുത്താത്ത മറ്റ് അഞ്ച് പ്രതികളെക്കുറിച്ചും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.













