
സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കളുടെ പരാതി. സാങ്കേതിക തകരാര്‍ ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകീട്ട് 5.14ഓടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് സര്‍വീസ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. നിലവില്‍, 2,000-ലധികം ഉപയോക്താക്കള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തകരാര്‍ സംബന്ധിച്ച് പോസ്റ്റിട്ടു.
‘സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്നില്ല. സന്ദേശങ്ങള്‍ അയച്ചാല്‍ മിനിറ്റുകള്‍ക്ക് ശേഷം അവ കൃത്യമായി ഡെലിവര്‍ ചെയ്യുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ മറ്റാരെങ്കിലും നേരിടുന്നുണ്ടോ?’ ഉപയോക്താക്കള്‍ എക്‌സില്‍ കുറിച്ചു. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നിന്നോ മാതൃ കമ്പനിയായ മെറ്റയില്‍ നിന്നോ ഉപയോക്താക്കളുടെ പരാതിയില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നില്ല. സാങ്കേതിക തകരാറുകളുടെ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല.
ഒക്ടോബര്‍ 15-ന് യുഎസിലെ ആയിരക്കണക്കിന് ഉപയോക്താക്കളുടെ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും തകരാറിലായിരുന്നു. 12,000-ലധികം പേര്‍ ഫെയ്‌സ്ബുക്കില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 5,000-ത്തിലധികം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടു.