
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശിനും വക്കീൽ നോട്ടീസ് അയച്ചു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍നിന്നുള്ള 19 സെക്കന്‍ഡ് വരുന്ന വീഡിയോ ദൃശ്യം കോണ്‍ഗ്രസ് നേതാക്കാള്‍ വളച്ചൊടിച്ചെന്നാണ് ഗഡ്കരി ആരോപിക്കുന്നത്.
തൻ്റെ അഭിമുഖത്തിൻ്റെ സന്ദര്‍ഭവും ഉദ്ദേശ്യവും അര്‍ത്ഥവും മറച്ചുവെച്ചാണ് കോണ്‍ഗ്രസ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ, വിഷ്വല്‍ ക്ലിപ്പിംഗ് എക്‌സില്‍ പങ്കുവെച്ചതെന്ന് ഗഡ്കരി പറഞ്ഞു. തന്റെ ആരാധകരിൽ ആശയകുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാമ് ഇത്തരമൊരു വഞ്ചനാപരമായ പ്രവൃത്തി ചെയ്തതെന്നും ഗഡ്കരി ആരോപിച്ചു.
ഈ വക്കീൽ നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നും മൂന്ന് ദിവസത്തിനകം രേഖാമൂലം മാപ്പ് പറയണമെന്നും ഗഡ്കരി കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
വീഡിയോ ക്ലിപ്പ് വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം, തന്നെ അപമാനിക്കാനും കുറച്ചുകാണിക്കാനും വേണ്ടി കോൺഗ്രസ് നേതാക്കളുടെ മനഃപൂർവമായ ശ്രമമാണിതെന്നും ഗഡ്കരി പറഞ്ഞു. ‘ഗ്രാമങ്ങളും പാവപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും അസന്തുഷ്ടരാണ്… ഗ്രാമങ്ങളില്‍ നല്ല റോഡുകളില്ല, കുടിക്കാന്‍ വെള്ളമില്ല, നല്ല ആശുപത്രികളില്ല, നല്ല സ്‌കൂളുകളില്ല’ എന്ന് കേന്ദ്രമന്ത്രി പറയുന്ന തരത്തിലുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് പങ്കുവച്ചത് എന്നാണ് പരാതി.
ഇതിന് മുമ്പും ശേഷവും ഗഡ്കരി പറഞ്ഞ വാക്കുകള്‍ വെട്ടികളഞ്ഞാണ് കോണ്‍ഗ്രസ് ഈ ഭാഗം മാത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. യഥാര്‍ത്ഥത്തില്‍ ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്താന്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.