തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃശൂർ പൂരം കലക്കിച്ചത് മുഖ്യമന്ത്രിയാണെന്നാണ് സതീശൻ ആരോപിച്ചത്. ആർഎസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് അദ്ദേഹം ആരോപിച്ചു. പാറമേക്കാവിലാണ് കൂടിക്കാഴ്ച നടന്നതെന്നും പൂരം കലക്കിയത് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
തൃശ്ശൂരിലെ ഹോട്ടലിൽ ഔദ്യോഗിക വാഹന ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് അജിത് കുമാർ ആർഎസ്എസ് നേതാവിനെ കാണാൻ പോയത്. ദേശീയ നേതാക്കളുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഒരു ആർഎസ്എസുകാരനാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും അജിത് കുമാറും കൂടിക്കാഴ്ച നിഷേധിച്ചാൽ അപ്പോൾ പറയാം എന്നായിരുന്നു സതീശന്റെ മറുപടി.
എ ഡി ജി പിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. ഊരി പിടിച്ച വാളിന്റെ ഇടയില്‍ കൂടെ നടന്ന മുഖ്യമന്ത്രി എന്തിന് കീഴ് ഉദ്യോഗസ്ഥരെ ഭയക്കുന്നുവെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.













