
ഈ വർഷം നവംബർ 5നു നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ളിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനായുള്ള അയോവയിലെ വോട്ടെടുപ്പ് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ ആരംഭിക്കും. അയോവയിലെ സമയം വൈകിട്ട് 7 മണിയോടെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും. അയോവ സംസ്ഥാനത്തെ 99 കൌണ്ടികളിലായി 1657 സ്ഥലങ്ങളിൽ വോട്ടെടുപ്പ് നടക്കും. സ്കൂളുകളിലും കമ്യൂണിറ്റി സെൻ്ററുകളിലുമാണ് വോട്ടിങ് നടക്കുക. റിപ്പബ്ളിക്കൻ പാർട്ടിയിൽ റജിസ്റ്റർ ചെയ്തവർക്കാണ് വോട്ട് ചെയ്യാനാവുക. വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫലം അറിയാം.
കൊടും തണുപ്പ് തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കാലാവസ്ഥ പ്രവചനം അനുസരിച്ച് മൈനസ് 35 ഡിഗ്രി ഫാരൻഹീറ്റായിരിക്കും അയോവയിലെ തണുപ്പ്.
ജൂലൈയിൽ നടക്കുന്ന റിപ്പബ്ളിക്കൻ കൺവൻഷനിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. അതിന് അയോവ കോക്കസിൻ്റെ തീരുമാനം നിർണായകമാണ്. അയോവയിലെ റിപ്പബ്ളിക്കൻ വോട്ടർമാരിൽ 48 ശതമാനം പേരും ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുമെന്നാണ് എൻബിസി ന്യൂസ് സർവേ ഫലം. മുൻ യുഎൻ അംബാസഡർ നിക്കി ഹേലിക്ക് 20 ശതമാനവും ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസിന് 16 ശതമാനവും വ്യവസായ സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിക്ക് 8 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് സർവേഫലം.
അതിനിടെ ട്രംപിനുള്ള പിന്തുണ ഏറി വരുന്നു എന്നാണ് സൂചനകൾ. നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗും ഫ്ലോറിഡ സെനറ്റർ മാർക് റൂബിയോയും ട്രംപിനെ പ്രസിഡൻ്റ് സ്ഥാനാർഥിയായി അംഗീകരിച്ചു. അയോവ കോക്കസോടെ റിപ്പബ്ളിക്കൻ പാർട്ടി ഔദ്യോഗികമായി തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുകയാണ്.
Iowa Republicans will caucus today at 7 p.m. CT,















