
ഡൽഹി: വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കില്ലെന്ന മാധ്യമ വാർത്തകൾ തള്ളി ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ രംഗത്ത്. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും നിയമനങ്ങളിൽ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും ഫോക്സ്കോൺ അറിയിച്ചു. ജീവനക്കാർ ലോഹം ധരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന സുരക്ഷാ പ്രോട്ടോക്കോൾ വിവേചനപരമല്ലെന്നും കമ്പനി സർക്കാരിനെ അറിയിച്ചു.
വിവാഹിതരായ വനിതകളെ കമ്പനി ജോലിക്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ തമിഴ്നാട് സർക്കാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. കമ്പനിയിൽ ജോലി ലഭിക്കാത്ത ഏതെങ്കിലും വ്യക്തികളാകാം ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും കമ്പനി അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ അതിവേഗം വളരുന്ന ഇന്ത്യൻ ഉൽപ്പാദന മേഖലയെ അപകീർത്തിപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആഭരണങ്ങൾ ധരിക്കുന്നതിൻ്റെ പേരിൽ വിവാഹിതരായ ഹിന്ദു സ്ത്രീകളോട് കമ്പനി വിവേചനം കാണിക്കുന്നുവെന്ന ചർച്ചകളെയും ഫോക്സ്കോൺ തള്ളി.