28 പന്തിലെ അഷുതോഷ് ശര്‍മ്മയുടെ ആളിക്കത്തലിനും പഞ്ചാബിനെ രക്ഷിക്കാനായില്ല, മുംബൈക്ക് ആവേശ ജയം

ഐ പി എല്ലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ മുംബയ് ഇന്ത്യന്‍സിന് വിജയം. വീറോടെ പൊരുതിയ പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. 28 പന്തില്‍ ആളിക്കത്തി 61 റണ്‍സ് നേടിയ അഷുതോഷ് ശര്‍മ്മയുടെ പോരാട്ട വീര്യത്തിനും പഞ്ചാബിനെ ജയിപ്പിക്കാനായില്ല. തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം 61 റൺസ് 28 പന്തിൽ അഷുതോഷ് അടിച്ചെടുത്തെങ്കിലും ജയത്തിന് 9 റൺസ് അകലെ പോരാട്ടം അവസാനിച്ചു. സ്‌കോര്‍ മുംബയ് ഇന്ത്യന്‍സ് 192-7 (20), പഞ്ചാബ് 183-10 (19.1). നാല് ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും നാല് ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജെറാഡ് കോട്‌സിയുമാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്.

193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 2.1 ഓവറുകള്‍ പിന്നിട്ടപ്പോള്‍ നാല് മുന്‍നിര വിക്കറ്റുകൾ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ സാം കറന്‍ 6(7), പ്രഭ്‌സിംറാന്‍ സിംഗ് 0(1), റൈലി റുസോവ് 1(3), ലിയാം ലിവിംഗ്‌സ്റ്റണ്‍ 1(2) എന്നിവരെ ബുംറയും കോട്‌സിയയും ചേര്‍ന്ന് മടക്കുകയായിരുന്നു. ഹര്‍പ്രീത് സിംഗ് 13(15), ജിതേഷ് ശര്‍മ്മ 9(9) എന്നിവര്‍ പുറത്തായപ്പോള്‍ കിംഗ്‌സിന്റെ സ്‌കോര്‍ 9.2 ഓവറില്‍ ആറിന് 77 എന്ന നിലയിലായി. ടീം വലിയ പരാജയത്തെ ഉറ്റുനോക്കിയ സമയത്താണ് അഷുതോഷ് ശര്‍മ്മ എത്തിയത്. ക്രിസിലുണ്ടായിരുന്ന ശശാങ്കും അഷുതോഷും ചേർന്ന് മുംബൈ ആക്രമണത്തെ ധൈര്യത്തോടെ നേരിട്ടതോടെ കളി മാറി. മത്സരം പഞ്ചാബ് തട്ടിയെടുക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ ബുറയാണ് കളി വീണ്ടും തിരിച്ചത്. ശശാങ്ക് സിംഗിനെ 41(25) പുറത്താക്കി ബുംറ കരുത്ത് കാട്ടിയതോടെ മത്സരം വീണ്ടും മുംബൈയുടെ കയ്യിലായി. ഒരറ്റത്ത് വമ്പനടികളുമായി മുന്നേറിയ അഷുതോഷിനെ ജെറാഡ് കോട്‌സിയ വീഴ്ത്തിയതോടെ പഞ്ചാബിന്‍റെ വിധി കുറിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവ് 78(53), രോഹിത് ശര്‍മ്മ 36(25), തിലക് വര്‍മ്മ 34*(18) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 8(8) ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 10(6), ടിം ഡേവിഡ് 14(7), റൊമാരിയോ ഷെപ്പേര്‍ഡ് 1(2), മുഹമ്മദ് നബി റണ്ണൗട്ട് 0(1) എന്നിവർ നിരാശപ്പെടുത്തി. പഞ്ചാബ് കിംഗ്‌സിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും സാം കറന്‍ രണ്ടും വിക്കറ്റും വീഴ്ത്തി.

IPL 2024: Ashutosh Sharma’s Fight in Vain as Mumbai Beat Punjab Kings by 9 Runs