
ജയ്പൂർ: ഐ പി എൽ 2024 ലെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരം മഴ കളിച്ചതോടെ സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും നിരാശ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ പോയന്റ് പങ്കുവെച്ചതാണ് രാജസ്ഥാന് തിരിച്ചടിയായത്. 14 മത്സരങ്ങളില്‍ നിന്ന് 17 പോയന്‍റ് മാത്രമായി ഒതുങ്ങിയ രാജസ്ഥാൻ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തായി. ഇത്ര തന്നെ പോയിന്‍റുള്ള ഹൈദരാബാദ് മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ മികവിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഇന്ന് ജയിച്ചിരുന്നെങ്കിൽ രാജസ്ഥാന് രണ്ടാം സ്ഥാനം സ്വന്തമാകുമായിരുന്നു. 20 പോയന്റുമായി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമത്. ഇതോടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. രാജസ്ഥാന് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടണം. ഇതിൽ ജയിച്ചാൽ എലിമിനേറ്ററിലെ പരാജിതരുമായി ഏറ്റുമുട്ടി വേണം കലാശക്കളിക്ക് ടിക്കറ്റ് സ്വന്തമാക്കാൻ.
അതേസമയം സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെ അനായാസം കീഴടക്കിയാണ് നേരത്തെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ രണ്ടാമതെത്തിയത്. പഞ്ചാബിനെ നാല് വിക്കറ്റിനാണ് ഹൈദരാബാദ് തുരത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് ലക്ഷ്യം കേവലം ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.