
ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ ആക്രമിക്കപ്പെടുമെന്ന് ബൈഡന്‍ മുന്നറിയിപ്പു നല്‍കിയതുപോലെ സംഭവിച്ചു.
ശനിയാഴ്ച ഇസ്രയേല്‍ ലക്ഷ്യമാക്കി ഡസന്‍ കണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍. ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീന്‍ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇന്ന് പുലര്‍ച്ചയോടെ ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണത്തിന് ഖെയ്ബാര്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായും ആക്രമണത്തില്‍ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്ന് യുഎസ് പ്രതിജ്ഞയെടുത്തു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശനിയാഴ്ച ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെ ‘ഗുരുതരമായ വര്‍ദ്ധനവ്’ എന്ന് അപലപിക്കുകയും വിനാശകരമായ പ്രാദേശിക സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഏപ്രില്‍ ഒന്നിന് ഡമാസ്‌കസ് കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തിരുന്നു. ഇതാണ് നിലവിലെ സംഘര്‍ഷത്തിന് കാരണം.














