
ബെയ്‌റൂത്ത്: ഇസ്രയേൽ സൈന്യത്തിനെതിരേ പോരാടുന്ന ഹിസ്ബുല്ലക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ലെബനനിലെത്തി. തെഹ്‌റാനില്‍ നിന്ന് സ്വയം വിമാനം പറത്തി ലെബനാനില്‍ എത്തിയ സ്പീക്കര്‍ക്ക് വലിയ സ്വീകരണമാണ് ലെബനന്‍ നൽകിയത്. ലെബനാനില്‍ ഇസ്രയേൽ വ്യോമാക്രമണം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്പീക്കര്‍ ജനങ്ങളുമായി സംസാരിച്ചു. ഇസ്രയേലിനെതിരായ പോരാട്ടത്തിൽ ഇറാന്‍റെ പൂർണ പിന്തുണയും സ്പീക്കർ വാഗ്ദാനം ചെയ്തു.
‘സ്വന്തമായി വിമാനം പറത്തി ഇവിടെ വന്നതിനെ അത്ഭുദമായി കാണേണ്ട. ഈ സമയത്ത് നിങ്ങളുടെ കൂടെയുണ്ടാവണമെന്ന് തോന്നിയതിനാലാണ് എത്തിയത്’ -മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞത് ഇങ്ങനൊണ്. ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ ഇറാന്‍ വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന ഇസ്രയേൽ മുന്നറിയിപ്പ് അദ്ദേഹം തള്ളിക്കളഞ്ഞു. ‘ഞങ്ങള്‍ക്ക് ശത്രുവിനെ ഭയമില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്. ഇവിടെ വരാന്‍ ഞങ്ങള്‍ക്കാരെയും ഭയക്കേണ്ടതില്ല’- എന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിനെതിരായ ആക്രമണങ്ങളില്‍ സൈനിക, രഹസ്യാന്വേഷണ സുരക്ഷാ സ്ഥാനങ്ങള്‍ മാത്രമാണ് ഇറാന്‍ ആക്രമിച്ചതെന്ന് അദ്ദേഹം വിവരിച്ചു. ഇസ്രയേലാകട്ടെ സാധാരണ മനുഷ്യർക്ക് നേരെയും അഭയാർഥികൾക്ക് നേരെയും ക്രൂരമായ ആക്രമണമാണ് നടത്തുന്നത്. ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഇസ്മായില്‍ ഖാനി അസുഖബാധിതനാണെന്ന വാര്‍ത്ത ഇസ്രയേലിന്‍റെ വ്യാജപ്രചരണത്തിന്റെ ഭാഗമാണ്. ഇറാനെ ആക്രമിക്കാന്‍ സഹായം നല്‍കുന്ന രാജ്യങ്ങളെ ഉചിതമായ രീതിയില്‍ നേരിടും. യുദ്ധത്തിന് ശേഷം ലെബനാന്റെ പുനര്‍നിര്‍മാണത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഇറാന്‍ സന്നദ്ധമാണെന്നും സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി. ഇസ്രയേലിനെ സഹായിക്കുന്ന അമേരിക്കൻ നയത്തെയും അദ്ദേഹം വിമർശിച്ചു. ലെബനൻ പ്രധാനമന്ത്രിയെയടക്കം കണ്ടശേഷമാണ് സ്പീക്കര്‍ മടങ്ങിയത്.