
ടെഹ്‌റാൻ: വെനസ്വേലയില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമെന്ന് ഇറാൻ. നിലവിലെ വെനസ്വേലൻ പ്രസിഡന്റായ നിക്കോളാസ് മഡുറോയെ തള്ളി എഡ്മഡ് ഗോണ്‍സാലസിനെ വെനസ്വേലയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി പ്രഖ്യാപിച്ച നടപടിയെ ചൂണ്ടിക്കാണിച്ചാണ് ഇറാന്റെ പ്രതികരണം. വെനസ്വേലയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ മാറ്റി പുതിയ ആളെ പ്രഖ്യാപിക്കാൻ നിങ്ങൾക്കെന്തവകാശമെന്നാണ് അമേരിക്കയോട് ഇറാൻ ചോദിക്കുന്നത്.
‘വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്കയും അതിന്റെ ചില സഖ്യകക്ഷികളും നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് 2019ല്‍ വെനസ്വേലയില്‍ അമേരിക്ക തന്നെ നടത്തിയ ഭിന്നിപ്പിക്കുന്ന ഇടപെടലുകളെയാണ് ഓർമിപ്പിക്കുന്നത്. വെനസ്വേലയില്‍ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് നിക്കോളാസ് മഡുറോ,’ ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയില്‍ ബഗായി പറഞ്ഞു.
വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക അനധികൃതമായി ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യു.എൻ ചാർട്ടറിന്റെ ലംഘനവുമാണെന്നും ഇറാൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. അമേരിക്കയുടെ ഇത്തരം പ്രവർത്തനങ്ങളെ വെനസ്വേലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും എതിരായ ആക്രമണങ്ങളായാണ് ഇറാൻ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.