
ടെഹ്റാൻ∙ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹമുയരുന്നതിനിടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. പിൻഗാമി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക തയാറായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്നു പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. അസംബ്ലി ഓഫ് എക്സ്പേർട്സാണ് ഖമനേയിയെ തെരഞ്ഞെടുക്കുക. പട്ടികയിൽ ഉൾപ്പെട്ടവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ വിദഗ്ധ സമിതി അംഗം അബോൽഹസൻ മഹ്ദവി ഇക്കാര്യം പ്രഖ്യാപിച്ചത്.
വളരെ വേഗം തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ തയാറായിരിക്കണമെന്ന് ഖമനയി സമിതിയോട് ആവശ്യപ്പെട്ടിരുന്നതായി ഇറാൻ മാധ്യമമായ ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇസ്രയേൽ തന്നെ ലക്ഷ്യമിടുന്നെന്ന തോന്നലിൽ നിന്നാണ് ഇക്കാര്യം പറഞ്ഞതെന്നും സംശയമുണ്ട്.
ഖമനേയി അബോധാവസ്ഥയിലാണെന്നും കോമയിൽ ആണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്. ഖമനേയിയുടെ മകൻ മൊജ്താബ ഖമനയിയുടെ പേരാണ് പിൻഗാമി സ്ഥാനത്തേക്ക് പ്രധാനമായി ഉയർന്നു കേൾക്കുന്നത്.
iran supreme leader ayatollah khamenei succession speculation














