
ടെഹ്റാൻ: ഇറാനെതിരെ യു.എന്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ആണവായുധങ്ങള്‍ കൈവശം വെയ്ക്കുന്നതിനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറാഗ്ചി. ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള വൈദഗ്ധ്യവും ശേഷിയും ഇറാന് നേരത്തെയുണ്ടായിരുന്നുവെന്നും മറ്റുരാജ്യങ്ങളുടെ സുരക്ഷക്ക് ഇതുവരെ ഭീഷണിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ളയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് തുടരാന്‍ ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച ജനീവയില്‍ ഇറാന്‍- യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലിസ്ബണില്‍ സംസാരിക്കുകയായിരുന്നു അറാഗ്ചി.
2015 ലെ ആണവ കരാറില്‍ ഇറാന്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന്, അന്ന് പിന്‍വലിച്ച ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇപ്പോള്‍ മുന്നറിയിപ്പുമായി അറാഗ്ചി രംഗത്തെത്തിയിരിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധം പിന്തുടരുന്നതിലൂടെ ഇറാന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തില്‍ ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ഇറാന്റെ പരിഷ്‌കരണവാദിയായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറാഗ്ചിയെ വിദേശകാര്യ മന്ത്രിയായി നിയമിച്ചിരുന്നു.
Iran warned UN on Sanction